അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് അവസാനമായി വേഷമിട്ട ‘ ദിൽ ബെച്ചാര’ യുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം റെക്കോർഡ് ലൈക്കും കാഴ്ച്ചക്കാരെയുമാണ് ട്രെയ്ലർ നേടിയെടുത്തത്. സുശാന്തിനോടുള്ള സ്നേഹം തെളിയിക്കുന്ന പ്രതികരണമായിരുന്നു ഇത്.

ബോളിവുഡിൽ സുശാന്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായ കൃതി സനോനും സുശാന്ത് അടുത്തില്ലാത്തതിന്റെ വേദനയോടെയാണ് ട്രെയ്ലർ പങ്കുവച്ചത്. . ട്രെയിലർ പങ്കുവച്ചുകൊണ്ട് കൃതി കുറിച്ചതിങ്ങനെ:

 

“ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷെ കാണാതിരിക്കാൻ എനിക്കെങ്ങനെ സാധിക്കും!”കൃതി കുറിച്ചു.

ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം സുശാന്തിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അത് തന്നെ പൂർണമായും തകർത്തു കളഞ്ഞെന്നാണ് സുശാന്തിന്റെ മരണ ശേഷം കൃതി സോഷ്യൽ മീഡിയയിൽ കുറിച്ചത്

"സുഷ്, എനിക്കറിയാം ചിന്താശേഷിയുള്ള നിന്റെ മനസു തന്നെയായിരുന്നു എല്ലാകാലത്തും നിന്റെ ഏറ്റവും അടുത്ത മിത്രവും ശത്രുവും. ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അതെന്നെ പൂർണമായും തകർത്തു കളഞ്ഞു. നിനക്ക് ചുറ്റിലും ആ നിമിഷത്തിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു…

നിന്നെ തകർത്തു കളഞ്ഞ കാര്യങ്ങൾ ശരിയാക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. കുറെയേറെ കാര്യങ്ങൾ ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാൻ ഈ നിമിഷം ആഗ്രഹിക്കുകയാണ്. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നിനക്കൊപ്പം പോയത്. ഒരുഭാഗത്ത് എപ്പോഴും നീ ജീവിച്ചിരിക്കുന്നു. നിന്റെ സന്തോഷത്തിനായുള്ള പ്രാർഥനകൾ ഞാൻ ഒരിക്കലും അവസാനിപ്പിക്കില്ല". കൃതി പങ്കുവച്ച കുറിപ്പിൽ പറയുന്നു.

 

Content Highlights : Sushanth Singh rajput Last movie Dil bechara Trailer kriti Sanon