-
ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് നടൻ സുശാന്ത് സിങ്ങ് രാജ്പുത് വിടവാങ്ങി ഒരു മാസം പിന്നിടുന്നു. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു നടി റിയ ചക്രവർത്തി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.
എന്നാൽ സുശാന്തിന്റെ മരണ ശേഷം മൊഴിയെടുക്കാൻ വിളിപ്പിച്ച പോലീസിനോട് തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന റിയയുടെ വെളിപ്പെടുത്തൽ വാർത്തയായി മാറി. സുശാന്തിന്റെ മരണശേഷം യാതൊരു പരസ്യ പ്രതികരണവും നടത്തിയിട്ടില്ലായിരുന്ന റിയ ഒരു മാസത്തിന് ശേഷം സുശാന്തിനെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
"എന്റെ വികാരങ്ങളെ നേരിടാൻ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹദയത്തിൽ. സ്നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത് നീയാണ്. ഒരു ലളിതമായ ഗണിത സമവാക്യത്തിന് ജീവിതത്തിന്റെ അർത്ഥം എങ്ങനെ കണക്കാക്കാൻ ആകുമെന്ന് നീ എന്നെ പഠിപ്പിച്ചു, എല്ലാ ദിവസവും ഞാൻ നിന്നിൽ നിന്ന് അത് പഠിച്ചു. നീ ഇനിയില്ല എന്നതിനോട് എനിക്കിനിയും പൊരുത്തപ്പെടാനായിട്ടില്ല. എനിക്കറിയാം നീ ഇന്ന് ഏറെ സമാധാനമുള്ള സ്ഥലത്താണെന്ന്. ചന്ദ്രനും നക്ഷത്രങ്ങളും താരാപഥങ്ങളും “ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനെ” തുറന്ന കൈകളാൽ നിന്നെ സ്വാഗതം ചെയ്യും.
സഹാനുഭൂതിയും സന്തോഷവും നിറഞ്ഞ നിനക്ക് തെളിയാത്ത നക്ഷത്രത്തെ പ്രകാശിപ്പിക്കാനാകും. കാരണം നീയും ഇപ്പോൾ ഒരു നക്ഷത്രമാണ്. നീയെന്ന താരകത്തിനായി ഞാൻ കാത്തിരിക്കും. നിന്നെ തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യും. മികച്ചൊരു മനുഷ്യൻ എന്താണോ അതായിരുന്നു നീ. ലോകം കണ്ട ഏറ്റവും മികച്ച അത്ഭുതങ്ങളിൽ ഒന്ന്. നമ്മുടെ സ്നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. എല്ലാത്തിനെയും നീ തുറന്ന മനസോടെ സ്നേഹിച്ചു... സമാധാനത്തോടെ ഇരിക്കുക സുശി. നിന്നെ നഷ്ടമായിട്ട് മുപ്പത് ദിവസങ്ങൾ. പക്ഷേ ഒരു ജന്മം മുഴുവനും നിന്നോടുള്ള സ്നേഹവും.. ശാശ്വതമായി, പരിധികളില്ലാതെ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു.. റിയ കുറിച്ചു
സുശാന്തിന്റെ മരണത്തിൽ റിയയുടെ മൊഴി പോലീസ് രേഖപ്പടുത്തിയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിന് മൊഴി നൽകിയിരുന്നു. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താൻ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നു-റിയ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
Content Highlights : Sushanth singh Rajput death Rhea chakraborty response Instagram post after one months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..