
-
സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബോളിവുഡിൽ ഉയരുന്നത്. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഫലമായി താരസന്തതികൾക്ക് അവർ അർഹിക്കാത്ത അംഗീകരങ്ങൾ ലഭിക്കുന്നുവെന്നും സാധാരണക്കാർ തഴയപ്പെടുകയാണെന്നും അഭിപ്രായങ്ങൾ ഉയരുന്നു.
സുശാന്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകൻ ശേഖർ കപൂർ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തിരുന്നു. നടി കങ്കണാ റണാവത്തും സുശാന്തിന്റെ മരണത്തിൽ ബോളിവുഡിനെ പ്രതികൂട്ടിലാക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കുറച്ച് വർഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാൽ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും ഹെയർസ്റ്റെെലിസ്റ്റ് സപ്ന ഭവാനി ആരോപിച്ചു.
സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാത്തതും ചില പ്രൊജക്ടുകൾ മുടങ്ങിപ്പോയതും സുശാന്തിനെ വിഷാദത്തിലാക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുശാന്തിന് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും അന്വേഷണങ്ങളുണ്ടായിരുന്നു. എന്നാൽ നടന് 59 കോടിയുടെ ആസ്തിയുണ്ടായിരുന്നുവെന്നും സാമ്പത്തിക പ്രശ്നങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വാസ്തവിരുദ്ധമാണെന്നും ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഒരേയൊരു ഇന്ത്യൻ നടൻ സുശാന്ത് ആണ്. ചന്ദ്രനിലെ ‘സീ ഓഫ് മസ്കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാർ ലാൻഡ്സ് ഓഫ് റജിസ്ട്രിയിൽ നിന്നാണ് അദ്ദേഹം വാങ്ങിയത് (ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കുക എന്നത് ഇപ്പോഴും വിവാദത്തിലാണ്. ഭൂമിക്കപ്പുറമുള്ള വസ്തുക്കളുടെ അവകാശം രാജ്യത്തിലോ വ്യക്തികളിലോ ഒതുങ്ങുന്നതല്ല). 2018 ൽ ഇത് വലിയ ചർച്ചയായിരുന്നു. ആകാശങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ കാണുന്നതിനായി തന്റെ ഫ്ലാറ്റിൽ അദ്ദേഹം വില കൂടിയ ആഡംബര ടെലിസ്കോപ്പും സ്ഥാപിച്ചിരുന്നു. ഭൗതിക ശാസ്ത്രത്തിൽ തൽപ്പരനായിരുന്ന സുശാന്ത് സ്കൂൾ കാലഘട്ടത്തിൽ അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ മെഡൽ നേടിയിരുന്നു. ഇതുകൂടാതെ ഡൽഹി കോളജ് ഓഫ് എൻജിനീയറിങിലെ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കുകാരനായിരുന്നു അദ്ദേഹം.
ബിഹാറിലെ പൂര്‍ണിയയിലാണ് സുശാന്ത് സിങ് രജ്പുത് ജനിച്ചത്. ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം പട്നയിലേക്ക് മാറി. തുടര്‍ന്ന് എഞ്ചിനീയറിങ് പഠനത്തിനായി ഡല്‍ഹിയിലേക്ക് പോയി. എന്നാല്‍ അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി പാതിവഴിയില്‍ പഠനം നിറുത്തി. സിനിമയിൽ ബാക്ക് ഡാൻസറായായിരുന്നു സുശാന്തിന്റെ തുടക്കം. വെറും 250 അന്ന് സുശാന്തിന് ലഭിച്ചിരുന്ന പ്രതിഫലം. ആറ് പേർക്കൊപ്പം ഒരു ചെറിയ മുറിയിലാണദ്ദേഹം കഴിഞ്ഞിരുന്നത്. അന്നൊക്കെ മോഡലിങും ചെയ്യുമായിരുന്നു. കിസ് ദേശ് മെന്‍ ഹായ് മെരാ ദില്‍ എന്ന ഷോയില്‍ ടിവിയില്‍ ഏക്താ കപൂറാണ് സുശാന്ത് സിങിന് ആദ്യമായി അവസരം നല്‍കിയത്. തുടര്‍ന്ന് പവിത്ര റിഷ്തയിലെ പ്രധാന വേഷം ചെയ്തു.
2013 ൽ പുറത്തുവന്ന അഭിഷേക് കപൂറിന്റെ 'കായ് പോ ചെ' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ഫിലം ഫെയർ നോമിനേഷൻ വരെ ലഭിച്ച പ്രകടനമായിരുന്നു അതിലേത്. പന്ത്രണ്ട് ചിത്രങ്ങൾ അഭിനയിച്ചതിൽ ക്രിക്കറ്റർ ധോണിയുടെ ബയോപിക്ക് ആയ എം.എസ് ധോണി: അൺടോൾഡ് സ്റ്റോറി യിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മുംബൈയിലെ ആഡംബര പ്രദേശമായ പാലി ഹില്ലിൽ 20 കോടി രൂപയുടെ ഒരു ബംഗ്ളാവും സുശാന്ത് സ്വന്തമാക്കിയിരുന്നു. എം.സ് ധോണിയുടെ ബയോപികിന് ശേഷം ഒരു സിനിമയ്ക്ക് 5 മുതൽ 7 കോടി രൂപ വരെ അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നു.
ബാന്ദ്രയിലെ ആഡംബര ഫ്ലാറ്റിന് ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു സുശാന്ത് വാടക നൽകിയിരുന്നത്. ഡിസംബര്‍ 2022 വരെയാണ് ഇവിടെ താമസിക്കാന്‍ സുശാന്ത് കരാര്‍ ഏര്‍പ്പെട്ടത്. ഇതിനായി 12.90 ലക്ഷം രൂപ അഡ്വാന്‍സും നല്കി. സുശാന്തിനെക്കൂടാതെ നാല് ജോലിക്കാരും ഈ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.
Content Highlights: Sushant Singh Rajput suicide, salary net worth, property asset
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..