സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും അവസാനിക്കുന്നില്ല. ബോളിവുഡിലെ  സ്വജനപക്ഷപാതത്തിന്റെ ഫലമായി താരസന്തതികൾക്ക് അവർ അർഹിക്കാത്ത അം​ഗീകരങ്ങൾ ലഭിക്കുന്നുവെന്നും സാധാരണക്കാർ തഴയപ്പെടുകയാണെന്നും ആരോപണങ്ങൾ ഉയരുന്നു. ചിലർ മനംനൊന്ത് ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ‌ എന്നന്നേക്കുമായി സിനിമ തന്നെ ഉപേക്ഷിക്കുന്നു. 

ഈ പശ്ചാത്തലത്തിൽ സുശാന്തിന്റെ സഹതാരവും സുഹൃത്തുമായ സഞ്ജന സാൻഖി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ദിൽബേചരായിലെ നായികയാണ് സഞ്ജന.  സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നൽകുന്നതെന്ന് ആരാധകർ പറയുന്നു. കവിതയുടെ രൂപത്തിലാണ് സഞ്ജന തന്റെ വാക്കുകൾ കുറിച്ചിരിക്കുന്നത്. ''മുംബെെയ്ക്ക് വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാൻ ദില്ലിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികൾ വ്യത്യസ്‌തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാൻ കാര്യങ്ങൾ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടൻ. അല്ലെങ്കിൽ ഇല്ലായിരിക്കാം''- സഞ്ജന കുറിച്ചു. 

സുശാന്തിന്റെ മരണത്തിന് ശേഷം സഞ്ജന വല്ലാതെ അസ്വസ്ഥയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ബാദ്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയവരിൽ സഞ്ജനയും ഉണ്ടായിരുന്നു. സുശാന്തിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് സഞ്ജന നേരത്തേ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

''നിങ്ങൾ എപ്പോഴും ആഗ്രഹിച്ചതുപോലെ ഈ സ്വപ്നങ്ങൾ ഓരോന്നും നിറവേറ്റാൻ ഞാൻ എല്ലാം ചെയ്യുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. നമ്മൾ എല്ലാം ഒരുമിച്ച് ചെയ്യുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തു''- സഞ്ജന കുറിച്ചു.

സഞ്ജനയുടെ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ദിൽ ബേച്ചാര. ജൂലൈ 24–ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തിയിരുന്നു. നവാ​ഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി എ.ആർ റഹ്മാനാണ് സം​ഗീതം ഒരുക്കിയത്.

ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം മെയ് 8നാണ് റിലീസ് തീരുമാനിച്ചിരുന്നത്.  കോവിഡിനെ തുടർന്ന് റിലീസ് മാറ്റിവച്ചെങ്കിലും സുശാന്തിന്റെ ആകസ്മിക വിയോഗത്തെ തുടർന്നാണ് ഓൺലൈനിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുന്നത്.

Content Highlights: Sushant Singh Rajput’s last co-star Sanjana Sanghi hints at quitting Bollywood, Dil Bechara Movie