-
മുംബെെ: സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്തേക്കും. ഇതിന്റെ ഭാഗമായി ബൻസാലിക്ക് സമൻസ് അയച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ബൻസാലിയുടെ രണ്ട് ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ വേഷങ്ങളിൽ നിന്ന് താരം ഒഴിവാക്കപ്പെട്ടു. സിനിമകളിൽ നിന്നുള്ള ഇത്തരം മാറ്റി നിർത്തലുകളും മറ്റുമാണ് സുശാന്തിനെ വിഷാദത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഭാഗമായാണ് ബൻസാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.
നടി കങ്കണ റണാവത്ത്, സംവിധായകൻ ശേഖർ കപൂർ എന്നിവരെയും മൊഴിയെടുക്കാനായി വിളിപ്പിച്ചേക്കും. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിന് എതിരേയും സുശാന്തിന്റെ മരണത്തിന് നീതി ആവശ്യപ്പെട്ടും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപ്പെട്ടിരുന്നവരാണ് ഇരുവരും.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു റിയ. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞു
ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപത് മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താൻ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നു- റിയ പോലീസിനോട് വ്യക്തമാക്കി.
ഇതിന് പുറമേ പ്രമുഖ നിർമാതാക്കളായ യഷ് രാജ് ഫിലിംസിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.ഇവരോട് സുശാന്തുമായുള്ള കരാറിന്റെ വിശദാംശങ്ങൾ നൽകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യഷ് രാജ് ഫിലിംസിന്റെ രണ്ട് സിനിമകളിൽ സുശാന്ത് അഭിനയിച്ചിട്ടുണ്ട്-മനീഷ് ശർമ സംവിധാനംചെയ്ത ശുദ്ധ് ദേശീ റൊമാൻസും ദീപാങ്കർ ബാനർജി സംവിധാനംചെയ്ത ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷിയും. ശേഖർ കപൂറിന്റെ സംവിധാനത്തിൽ പാനി എന്നൊരു സിനിമയ്ക്ക് കൂടി പദ്ധതിയിട്ടിരുന്നെങ്കിലും അത് നിർമിക്കുന്നതിൽനിന്ന് യഷ് രാജ് ഫിലിംസ് പിന്മാറുകയായിരുന്നു.
Content Highlights : Sushant Singh Rajput death Mumbai Police might question Sanjay Leela Bhansali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..