സുശാന്ത് സിംഗ് രജ്പുത്ത്| Photo: Instagram.com|sushantsinghrajput|?hl=en
മുംബെെ: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ 80000ത്തിലേറെ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. മുംബെെ പോലീസിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തിനായി ക്രിയേറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകളാണ്. ജൂലെെ 14 നാണ് നടൻ മരിച്ചത്. അതേ ദിവസം തന്നെയാണ് അക്കൗണ്ടുകൾ പൊട്ടിമുളച്ചത്. വ്യാജൻമാർക്കെതിരേ നടപടിയെടുക്കാൻ മുംബെെ പോലീസ് കമ്മീഷണർ ഉത്തരവിട്ടു. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇറ്റലി, ജപ്പാൻ, പോളണ്ട്, സ്ലൊവേനിയ, ഇന്തോനേഷ്യ, തുർക്കി, തായ്ലാന്റ്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളണ് അക്കൗണ്ടുകളുടെ ഉറവിടം.
അതേ സമയം നടന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിദഗ്ധർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ എയിംസ് സംഘത്തിന്റെ തലവന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പുറത്തു വന്നു.
സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിന്റെ തലവനായ ഡോ. സുധീർ ഗുപ്ത നടന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നും റിപ്പോർട്ട് നൽകിയിരുന്നു. സെപ്റ്റംബർ 29-നാണ് എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സി.ബി.ഐയ്ക്ക് സമർപ്പിച്ചത്. നേരത്തെ സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾക്ക് സമാനമായിരുന്നു എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ടും. ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ നടന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ആവർത്തിച്ചു. സുശാന്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് 200 ശതമാനം ഉറപ്പാണെന്നും ചിത്രങ്ങൾ പരിശോധിച്ച എയിംസിലെ ഡോക്ടർ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അഭിഭാഷകനായ വികാസ് സിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ വികാസ് സിങ്ങിന്റെ വാദങ്ങൾ തെറ്റാണെന്നായിരുന്നു ഡോ. സുധീർ ഗുപ്തയുടെ പ്രതികരണം. സുശാന്തിന്റെ മൃതദേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ പരിശോധിച്ചതിൽ നിന്ന് അതൊരു കൊലപാതകമാണെന്ന് ഉറപ്പാണെന്നു മനസ്സിലാകുന്നതായി ഡോ. ഗുപ്ത പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന് നടന്റെ കുടുംബം ആവശ്യപ്പെടുന്നത്.
Content Highlights: Sushant Singh Rajput case: Over 80,000 fake social media accounts, Mumbai Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..