മുംബെെ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സി.ബി.ഐയ്ക്ക് മൊഴി നൽകി കുടുംബാംഗങ്ങൾ. കാമുകി റിയ ചക്രവർത്തിക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് ബിഹാർ പോലീസ് കേസെടുത്തിരുന്നു.
സുശാന്തിന്റേത് ആത്മഹത്യയെന്ന തരത്തിലാണ് ഇത്രയും കാലം അന്വേഷണം മുന്നോട്ട് പോയത്. എന്നാൽ അതൊരു കൊലപാതകമാണെന്നാണ് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നത്. തെളിവുകളെല്ലാം അത് ചെയ്തവർ തന്നെ നശിപ്പിച്ചിരിക്കുന്നു. സി.ബി.ഐ കേസിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ- സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് സിബിഐയോട് പറഞ്ഞതായി ടെെംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
നടന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ചുമതല മുംബെെ പോലീസിനായിരുന്നു. എന്നാൽ മുംബെെ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ ബിഹാർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് കേസന്വേഷണം കാമുകി റിയ ചക്രവർത്തിക്കെതിരേ തിരിയുന്നത്. തുടർന്ന് കേസ് മുംബെെ പോലീസ് തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമർപ്പിച്ചു. അതിനിടയിലാണ് സി.ബി.ഐ കേസേറ്റെടുക്കുന്നത്. ഇതിനെതിരേ മുംബെെ പോലീസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Content Highlights: Sushant Singh Rajput case Family alleges murder and not abetment to suicide in statement, CBI Investigation