ചെന്നൈ: തമിഴ്‌നാട്ടില്‍ വാക്‌സിന്റെ ക്യാമ്പൊരുക്കാന്‍ നടന്‍ സൂര്യ. ജൂലൈ 6,7 ദിവസങ്ങളില്‍ ചെന്നൈ നഗരത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചെന്നൈ കോര്‍പ്പറേഷനും ഉദ്യമത്തില്‍ പങ്കാളിയാകുന്നു. സൂര്യയുടെ നിര്‍മാണകമ്പനിയായ 2 ഡി എന്റര്‍ടൈന്‍മെന്റിലെ ജീവനക്കാര്‍ക്കും ഇതിലൂടെ വാക്‌സിന്‍ സൗകര്യം ലഭ്യമാക്കും. 

തുടക്കം മുതല്‍ തന്നെ കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സൂര്യ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. നടന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ തമിഴ്‌നാട്ടില്‍ ഒട്ടേറെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലോക്ഡൗണില്‍ ജോലി മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകരെ സഹായിക്കാനും അഗരം ഫൗണ്ടേഷന്‍ രംഗത്തിറങ്ങി. സൂര്യയുടെ സഹോദരന്‍ കാര്‍ത്തി, അച്ഛന്‍ ശിവകുമാര്‍, ഭാര്യ ജ്യോതിക തുടങ്ങിയവരാണ് അഗരത്തിലെ മറ്റ് അംഗങ്ങള്‍.

ജൂണ്‍ 23 ന് സൂര്യയും ജ്യോതികയും വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കുകയും ചിത്രങ്ങള്‍ സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള തെറ്റിദ്ധാരണ അകറ്റാനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.  

Content Highlights: Suriya to hold COVID 19 vaccination camp in Chennai, agaram foundation