ക്ഷേത്രങ്ങളെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ നടി ജ്യോതികയ്ക്കുനേരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടിയുടെ ഭർത്താവും നടനുമായ സൂര്യ രംഗത്തെത്തി.

ക്ഷേത്രങ്ങളിലേക്ക് സംഭാവന കൊടുക്കുന്നതുപോലെ സ്കൂളുകൾക്കും ആശുപത്രികൾക്കും സംഭാവന നൽകണമെന്നായിരുന്നു ഒരു പുരസ്കാരദാനച്ചടങ്ങിൽ ജ്യോതിക അഭിപ്രായപ്പെട്ടത്. എന്നാൽ, ഇതേച്ചൊല്ലി ഒരുവിഭാഗം ആളുകൾ സാമൂഹികമാധ്യമങ്ങളിൽ നടിക്കെതിരേ സൈബർ ആക്രമണമഴിച്ചുവിടുകയായിരുന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളെ കുറിച്ച് ജ്യോതിക പരാമർശിക്കാത്തത് എന്തുകൊണ്ടെന്ന് വിമർശകർ ചോദിച്ചു. ഈ വിവാദം കത്തിനിൽക്കെയാണ് ഭാര്യക്ക്‌ പിന്തുണയുമായി സൂര്യ പ്രസ്താവനയിറക്കിയത്.

മതമല്ല, മനുഷ്യത്വമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളെയും ആശുപത്രികളെയും ക്ഷേത്രങ്ങളായി കാണണമെന്നാണ് ജ്യോതിക ഉദ്ദേശിച്ചത്.

എന്നാൽ, ചിലർ അതിനെ ദുഷ്ടലാക്കോടെ സമീപിച്ചു. വിവേകാനന്ദനെപ്പോലെയുള്ള ഒട്ടേറെ തത്ത്വചിന്തകർ പറഞ്ഞിട്ടുള്ള ചിന്തയാണത്. എല്ലാ മതങ്ങളും സ്കൂളുകളെയും ആശുപത്രികളെയും ദൈവത്തിന്റെ ഇടമായാണ് കരുതുന്നത്. മനുഷ്യത്വമാണ് മതത്തെക്കാൾ പ്രധാനം. അതാണ് നമുക്ക് പൂർവികർ പറഞ്ഞുതന്നിട്ടുള്ളത്. നമ്മുടെ മക്കൾക്ക് നാം കൈമാറേണ്ടത് അതുതന്നെയാണെന്നും സൂര്യ പറഞ്ഞു.

Content Highlights: Suriya supports Jyothika, speech Controversy