മിഴിലെ പ്രശസ്തനായ നടൻ ശിവകുമാറിന്റെ മകനാണ് സൂര്യ. സ്വഭാവികമായും അച്ഛന്റെ പാത പിന്തുടർന്നാണ് സൂര്യ സിനിമയിലെത്തിയത്. നായക കഥാപാത്രങ്ങളലേക്കും സൂപ്പർതാര പദവിയിലേക്കുമുള്ള സൂര്യയുടെ യാത്ര വളരെ പതിയെയായിരുന്നു. സിനിമക്കു മുൻപുള്ള തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ മനസ്സു തുറക്കുകയാണ് സൂര്യ. ദ ഹിന്ദുവിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. പുതിയ ചിത്രമായ 'സുരൈ പോട്രുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് അധികം ആർക്കും അറിയാത്ത തന്റെ ഭൂതകാലത്തെക്കുറിച്ച് സൂര്യ സംസാരിച്ചത്. 

''18 വയസ്സ് തികഞ്ഞുകഴിഞ്ഞാൽ നാമെല്ലാവരും ഒരു പ്രത്യേക തരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകും. നമ്മുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുമ്പോൾ, ആരാണ് നമ്മളെ അം​ഗീകരിക്കുക? ഈ ലോകത്ത് നമ്മൾ എങ്ങനെ അതിജീവിക്കും തുടങ്ങിയ ചോദ്യങ്ങൾ വളരാൻ തുടങ്ങും സ്വാഭാവികമായും ഞാനും അതിലൂടെ കടന്നുപോയി.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ മേഖലയിലേക്കെത്താൻ അന്നെനിക്ക് യാതൊരു താത്പര്യം ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചത്. ദിവസവും 18 മണിക്കൂര്‍ ആയിരുന്നു ജോലി ചെയ്യണം. മാസശമ്പളമായി ലഭിച്ചിരുന്നത് 736 രൂപയാണ്. ആ വെളുത്ത കവറിന്റെ കനം ഇന്നും എനിക്കോര്‍മ്മയുണ്ട്. സത്യത്തിൽ സുരറെെ പോട്രിലൂടെ ആ ദിവസങ്ങളിലൂടെ ഞാന്‍ വീണ്ടും ജീവിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എവിടെയെങ്കിലും, ഞാൻ സംതൃപ്തനാണ്. ഇതുപോലുള്ള ഒരു സിനിമ നൽകി ആരാധകർ എനിക്ക് നൽകിയ സ്നേഹത്തെ ബഹുമാനിക്കാൻ ഞാൻ തീവ്രമായി പരിശ്രമിച്ചു. വളരെക്കാലത്തിനുശേഷം, ഒരു ഷൂട്ടിംഗ് സ്ഥലത്ത് എത്തിയപ്പോൾ എനിക്ക് ഉന്മേഷം തോന്നി. ചലച്ചിത്രനിർമ്മാണത്തിന്റെ ഒരു പുതിയ മാർഗം ഞാൻ അനുഭവിച്ചു. എല്ലാവരും ജീവിതത്തിൽ ഒരു തവണ ആ റിഫ്രെഷ് ബട്ടൺ അമർത്തേണ്ടതുണ്ട്, എന്നാൽ നിങ്ങൾക്ക് ഒരു വെല്ലുവിളി ലഭിക്കുമ്പോൾ മാത്രമേ അത് സംഭവിക്കൂ. പുതിയ വെല്ലുവിളികളെ സന്തോഷത്തോടെ അഭിമുഖീകരിക്കുന്നു''

സുധ കൊങ്കരയ്ക്കൊപ്പം ജോലി ചെയ്തതിന്റെ അനുഭവം സൂര്യ പങ്കുവയ്ക്കുന്നതിങ്ങനെ‌‌‌....

''2004 ൽ പുറത്തിറങ്ങിയ ആയുധ എഴുത്തു മുതൽ എനിക്ക് സുധയെ പരിചയമുണ്ട്. മണിരത്നത്തിന്റെ അസിസ്റ്റന്റായിരുന്നു സുധ. സുധയെ തൃപ്തിപ്പെടുത്തുന്നത് വളരെ ദുഷ്കരമായിരുന്നു. മണിരത്നം സാർ ഓകെ പറഞ്ഞാലും സുധ സമ്മതിക്കില്ല. അന്ന് അവരെന്നെ ഒരുപാട് കഷ്ടപ്പെടുത്തി. ഞാനും സുധയും അ‌‌ടുത്ത സുഹൃത്തുക്കളായിരുന്നിട്ടും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ എനിക്ക് തോന്നിയില്ല. കാരണം സൗഹൃദത്തിൽ കച്ചവ‌ടം കലർത്തുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. എന്നാൽ ഇരുധി സുട്രു (സുധ കൊങ്കര മാധവനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം) കണ്ടപ്പോൾ എന്റെ തീരുമാനം മാറി.''

മാതാപിതാക്കളെ കുറിച്ചും കുട്ടികളെ വളർത്തുന്നതിലെ തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും സൂര്യ മനസ്സു തുറന്നു.

''മാതാപിതാക്കൾ എന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചിട്ടുള്ളവരാണ്. നാമെപ്പോഴും കുട്ടികളുടെ അടുത്ത സുഹൃത്തുക്കളായിരിക്കണം. ഇന്നത്തെ കാലത്ത് എല്ലാവരുടെ കയ്യിലും ഇന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും ഒക്കെയുണ്ട്. മക്കൾ വീട്ടിൽ തന്നെ ഉണ്ടെങ്കിലും അവർ എന്ത് ചെയ്യുകയാണ് എന്നു പോലും ചില മാതാപിതാക്കൾക്ക് അറിയില്ല. അങ്ങനെയാകാൻ പാടില്ല. ഹൃദയം അവർക്കു മുൻപിൽ തുറക്കണം''- സൂര്യ പറഞ്ഞു.

കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച  റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം. അപർണ ബാലമുരളിയാണ് നായിക. ഉർവ്വശിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 

Content Highlights: Suriya Sivakumar actor talks about his first job salary, Soorarai Pottru release