സൂര്യ ചിത്രം 'എന്‍.ജി.കെ' മെയ് 31 നു ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു. സംവിധായകന്‍ സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തെ സൂര്യയുടെ ആരാധകര്‍ മാത്രമല്ല തമിഴ് സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാര്‍.
ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ്, വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്ന എന്‍.ജി.കെ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍.ജി.കെ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമായ എന്‍.ജി.കെ വര്‍ത്തമാനകാല രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ പ്രേരണ നല്‍കുന്ന സിനിമ കൂടിയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
സമൂഹത്തിലേയും രാഷ്ട്രീയത്തിലേയും തിന്മകള്‍ക്കെതിരേ പ്രതികരിക്കാനാവാതെ നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വ്യക്തിത്വം നന്ദ ഗോപാലന്‍ കുമാരനിലൂടെ സടകുടഞ്ഞെഴുന്നേറ്റ് പ്രതികരിക്കുകയാണ്. സെല്‍വരാഘവന്‍ ആദ്യമായി സംവിധാനം ചെയ്ത 'കാതല്‍ കൊണ്ടേന്‍' എന്ന സിനിമ മുതല്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറിയ സൂര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സെല്‍വരാഘവന്‍ സിനിമയില്‍ അഭിനയിക്കുക എന്നത്. സെല്‍വരാഘവന്‍ സൂര്യയോട് മൂന്ന് കഥകള്‍ പറഞ്ഞു അതില്‍ എന്‍.ജി.കെ സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ള പ്രമേയമായതു കൊണ്ട് ആദ്യം ഈ സിനിമ ചെയ്യാന്‍ സൂര്യ പച്ചക്കൊടി കാണിക്കുകയായിരുന്നു .
ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബുവും എസ്.ആര്‍ പ്രഭുവുമാണ് എന്‍.ജി.കെ നിര്‍മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടനവും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ തൊണ്ണൂറു ലക്ഷം പേർ കണ്ടുകഴിഞ്ഞു. കാണികളെ ആകര്‍ഷിക്കുന്ന, ആബാലവൃദ്ധം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായിട്ടാണ് എന്‍.ജി.കെ ഒരുക്കിയിരിക്കുന്നതെന്ന് അണിയറശില്പികള്‍ അവകാശപ്പെടുന്നു. മാസ് ആക്ഷന്‍ എന്റര്‍ടൈനറായ ചിത്രം സ്ട്രെയിറ്റ് ലൈന്‍ സിനിമാസും, എന്‍ജോയ് മൂവീസും ചേര്‍ന്ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
Content Highlights: suriya selvaraghavan movie ngk to be released on may 31, sai pllavi rakul preet, political thriler