കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമകൾ ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെതിരേ കേരളത്തിലെ തിയ്യറ്റർ ഉടമകൾ രം​ഗത്ത്. മുതൽ മുടക്ക് കുറവുള്ള ചിത്രങ്ങൾ ഓൺലെെനിൽ റിലീസ് ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് മലയാള സിനിമയിലെ ഏതാനും നിർമ്മാതാക്കൾ‌ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അങ്ങനെ ഒരു നിലപാടെടുത്താൽ ഭാവിയിൽ തിയ്യറ്ററുകൾ പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ.

തിയ്യറ്ററുകൾ നിർമിക്കാനും അറ്റകുറ്റപണികൾക്കുമായി കോടികളാണ് മുടക്കിയിരിക്കുന്നത്. അടിച്ചിടുന്ന സാഹചര്യത്തിലും അവ പരിപാലിക്കുന്നതിന് വലിയ ചെലവുണ്ട്. തുടർച്ചയായ അടച്ചിടൽ തിയ്യറ്ററിലെ പ്രൊജക്ടറുകളെയും ശബ്ദസംവിധാനത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാലാൽ അടച്ചിട്ട തിയ്യറ്ററുകളിൽ‌ പ്രദർശനം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ  ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. 

തമിഴ് നടൻ സൂര്യയുടെ ചിത്രങ്ങൾക്ക്  വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ തിയ്യറ്റർ ഉടമകൾ രം​ഗത്ത് വന്നിരുന്നു. സൂര്യ അഭിനയിക്കുന്നതും അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ‘ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിർമിക്കുന്നതുമായ ചിത്രങ്ങള്‍ തിയ്യറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്ന തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍റ തീരുമാനം.കേരളത്തിലെ തിയ്യറ്റർ ഉടമകളും ഈ തീരുമാനത്തോടൊപ്പം നിൽക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം ‘പൊന്‍മക ള്‍ വന്താൽ’ തിയ്യറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമില്‍ (OTT Platform) റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ‌ അസോസിയേഷന്റെ നീക്കം. ചിത്രം നിർമിച്ചത്  ‘ടു ഡി എന്റര്‍റൈന്‍മെന്റ്സ് ആയിരുന്നു. 

സൂര്യയുടെ തീരുമാനം അപലപനീയമാണെന്ന് തമിഴ്നാട് തിയ്യറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍ ആര്‍ പനീര്‍സെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. ഈ തീരുമാനം പുനഃപരിശോധിക്കണം എന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് അവര്‍ തയ്യാറായില്ലെങ്കിൽ ആ നിര്‍മാണക്കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ആയ ചിത്രങ്ങള്‍ ഇനി മുതല്‍ നേരിട്ട് ഓൺലൈൻ റിലീസ് ചെയ്യേണ്ടി വരുമെന്നും തിയ്യറ്റർ റിലീസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര്’ ആണ് ഇനി റിലീസ് ആകാനുള്ള ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്‌.

Content Highlights: Suriya Movie controversy, Theater owners in Kerala to support Tamilnadu Theater owners, against online release, Lock Down, Covid 19, Corona Outbreak