അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരം സന്ദർശിച്ച് നടൻ സൂര്യ. സ്മൃതി കൂടീരത്തിൽ വിതുമ്പിക്കൊണ്ടാണ് സൂര്യ പുഷ്പാർച്ചന നടത്തിയത്. പുനീതിന്റെ മരണം ഒരിക്കലും ഉൾക്കൊള്ളാനാകുന്നില്ലെന്നും തങ്ങൾ തമ്മിൽ ജനിക്കുന്നതിന് മുമ്പേ തുടങ്ങിയ സൗഹൃദമാണ് ഉള്ളതെന്നും നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. 

"ഇത് അനീതിയാണ്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇപ്പോഴും ഇത് ഉൾക്കൊള്ളാൻ എനിക്കായിട്ടില്ല. എന്റെ കുടുംബവും അണ്ണന്റെ (ശിവ രാജ്കുമാർ) കുടുംബവും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. എന്റെ അച്ഛൻ ശിവകുമാറിന് ആ കുടുംബവുമായി അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഞങ്ങളുടെ അമ്മമാർ ​ഗർഭിണികളായിരുന്ന സമയത്താണ് ഞാനും പുനീതും 'ആദ്യമായി കണ്ടുമുട്ടുന്നത്' . അന്നെന്റെ അമ്മ നാലുമാസം ഗർഭിണിയാണ്, പുനീതിന്റെ അമ്മയ്ക്ക് 7 മാസവും. അതായിരുന്നു ഞങ്ങളുടെ 'ആദ്യ കൂടിക്കാഴ്ച'. എന്റെ അമ്മ പറഞ്ഞതാണിത്. അവർക്കും ഈ മരണം ഉൾക്കൊള്ളാനായിട്ടില്ല. 

എല്ലാ ഫോട്ടോകളിലും വീഡിയോകളിലും എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അദ്ദേഹത്തിന്. ജീവിതത്തിൽ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്തതായേ ഞാൻ കേട്ടിട്ടുള്ളൂ. ആ ഓർമകൾ മുറുകെ പിടിക്കുന്നു, ഞങ്ങളുടെ ഹൃദയത്തിൽ അദ്ദേഹമെപ്പോഴും പുഞ്ചിരിയോടെ നിലനിൽക്കും. അതൊരിക്കലും മാഞ്ഞുപോവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കൾക്കും ആരാധകർക്കും എല്ലാ കർണാടകയിലെ ജനങ്ങൾക്കും ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകാൻ ഞാൻ പ്രാർഥിക്കുന്നു. ഞാൻ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യും.." സൂര്യ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ 29ന് ആണ് പുനീത് രാജ്കുമാർ അന്തരിച്ചത്. അച്ഛൻ ഡോ. രാജ്കുമാറിനും അമ്മ പാർവതാമ്മക്കും ഒപ്പം കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്. 

സിനിമയ്ക്ക് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു പുനീത്. പുനീതിന്റെ അഭാവത്തിൽ താരം പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം തമിഴ് നടൻ വിശാൽ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. 

content highlights : Suriya cries as he pays tribute to Puneeth Rajkumar