ഇരുള ​ഗോത്രവിഭാ​ഗക്കാരുടെ ഉന്നമനത്തിനായി ഒരു കോടി രൂപ സംഭാവന നൽകി സൂര്യയും ജ്യോതികയും. സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ജയ് ഭീമിന്റെ റിലീസിന് മുന്നോടിയായാണ് ഒരു കോടിയുടെ ചെക്ക് താരങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൈമാറിയത്. 

റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങളും മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്ന് ചെക്ക് സ്വീകരിച്ചു. ഇരുള വിഭാ​ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഈ പണം ഉപയോ​ഗിക്കുക. 

ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചിത്രമാണ് ജയ് ഭീം. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നവംബർ 2ന് ആമസോൺ പ്രൈം വഴി പ്രദർശനത്തിനെത്തിയ ജയ് ഭീം സംവിധാനം ചെയ്തത് ടി.ജെ ജ്ഞാനവേൽ ആണ്. 93ൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. രജിഷ വിജയൻ, ലിജോമോൾ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. . 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. 

content highlights : suriya and jyothika donates one crore to the welfare of the Irula tribe jai bhim movie