വെള്ളിത്തിരയില്‍ മാത്രം കണ്ട ഇഷ്ട നായകന്‍ മമ്മൂട്ടിയെ നേരില്‍ കണ്ട് ആവേശഭരിതനായ ഒരു പത്താം ക്ലാസുകാരന്‍ പയ്യനുണ്ട്. പിന്നീട് ഇതേ പയ്യന്‍ തന്നെ മമ്മൂട്ടിയുടെ സഹായിയായി, വില്ലനായി, സുഹൃത്തായി വെള്ളിത്തിരയില്‍ ഒന്നിച്ചെത്തി. സുരേഷ് കൃഷ്ണയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മാര്‍ച്ച് ലക്കം മമ്മൂട്ടി സ്‌പെഷ്യല്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിലാണ് പ്രിയപ്പെട്ട മമ്മൂക്കയെക്കുറിച്ച് സുരേഷ് കൃഷ്ണ മനസ് തുറന്നത്.  

"മദ്രാസ് കേരള സമാജം സ്‌കൂളിലാണ് പത്താം ക്ലാസുവരെ ഞാന്‍ പഠിച്ചത്. ആ വര്‍ഷത്തെ ഓണാഘോഷത്തിന് അതിഥികളായി നിശ്ചയിച്ചത് മമ്മൂക്കയെയും ഭാരതിരാജയെയുമായിരുന്നു.

star and style
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം

മമ്മൂക്ക വരുന്നെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ബാക്ക് ബെഞ്ചുകാര്‍ ചില പ്ലാനുകള്‍ തയ്യാറാക്കി. അദ്ദേഹം മൈക്കിനടുത്തെത്തി സംസാരിക്കാന്‍ തുടങ്ങുന്ന നിമിഷം എല്ലാവരും ഒന്നിച്ച് കൈയടിക്കണമെന്നായിരുന്നു പദ്ധതി. കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമോ പേഴ്‌സണാലിറ്റിയോ ഒന്നുമല്ല അന്ന് എന്നെയും സുഹൃത്തുക്കളെയും ആകര്‍ഷിച്ചത്. മറിച്ച് ശബ്ദമായിരുന്നു. അത്രയും ഗാംഭീര്യമുള്ള ശബ്ദം അന്ന് മറ്റൊരു നടനില്‍നിന്ന് ഞാന്‍ കേട്ടിട്ടില്ല.

അങ്ങനെ ഓണാഘോഷദിവസമെത്തി. ഞങ്ങളെയെല്ലാം ഞെട്ടിക്കുന്ന രീതിയിലുള്ള ഒരു ഡ്രസിലായിരിക്കും അദ്ദേഹം വരുകയെന്നാണ് പ്രതീക്ഷിച്ചത്. പ്രതീക്ഷകളുടെ ആക്കംകൂട്ടി ഏതാനും നിമിഷങ്ങള്‍ക്കകം ഒരു കോണ്ടസ കാര്‍ വന്നുനിന്നു. എല്ലാവരുടെയും നോട്ടം ഡോറിലേക്കലായി. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ഒരു വെള്ളമുണ്ടും പൂക്കളുടെ ഡിസൈനുള്ള ഒരു സാധാരണ ഷര്‍ട്ടും ധരിച്ച് മമ്മൂക്ക ഇറങ്ങി. പക്ഷേ, അപ്പോഴും അദ്ദേഹത്തിന് ചുറ്റും ഒരു ഓറ (തേജസ്സ്) ഉണ്ടായിരുന്നു. വേദിയില്‍ ആദ്യം സംസാരിച്ചത് ഭാരതിരാജയായിരുന്നു. അദ്ദേഹം സംസാരം അവസാനിപ്പിച്ച നിമിഷം ഞങ്ങള്‍ റെഡിയായി. മമ്മൂക്ക പറഞ്ഞ ആദ്യ വാക്കിന് ഞങ്ങള്‍ എഴുന്നേറ്റ് കൈയടിച്ചു. ആ കൈയടി ഇന്നും ഓരോതവണ മമ്മൂക്കയെ കാണുമ്പോഴും ഹൃദയത്തില്‍ മുഴങ്ങും.

മദ്രാസിലെ സ്‌കൂളില്‍ മമ്മൂക്കയുടെ പ്രസംഗം കേട്ട് കയ്യടിച്ച ആ പത്താം ക്ലാസുകാരന്‍ ഫോണ്‍ വിളിച്ചാല്‍ മമ്മൂക്ക ഇന്ന് മറുത്തലയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലോ കാരവാനിലോ ഏത് സമയവും കടന്നു ചെല്ലാനുള്ള സ്വാതന്ത്യമുണ്ട്".

മമ്മൂട്ടിയെക്കുറിച്ച് സുരേഷ് കൃഷ്ണ എഴുതിയ ലേഖനം പൂര്‍ണരൂപം വായിക്കാം

Content Highlights : suresh Krishna about Mammootty Interview star and Style