സുരേഷ് ​ഗോപി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പാപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണ്. 

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്‌ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്.

ലേലം, വാഴുന്നോര്‍, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജോഷി-സുരേഷ്‌ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ. ഇതുകൂടാതെ ​ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്.

"BOX-OFFICINNNNNG" #PAAPPAN with The MASTER 'MAGNUM - CINE MAGNUM' 🎥❤️ #SG252 #Joshiy Sunny Wayne Nyla Usha Neeta...

Posted by Suresh Gopi on Sunday, 14 February 2021

ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫിസറുടെ വേഷമാണ് സുരേഷ് ​ഗോപി കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി  തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‌ആര്‍.ജെ. ഷാനാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അജയ്യാണ് ഛായാ​ഗ്രഹണം. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. 

Content Highlights : Suresh Gopi Joshiy Gokul Suresh In Paappan New Movie