നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴരശന്‍ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്.

കഴിഞ്ഞ ദിവസം തമിഴരശന്റെ സെറ്റില്‍ സുരേഷ് ഗോപിയെ കാണാന്‍ രണ്ട് വിശിഷ്ടാതിഥികള്‍ എത്തിയിരുന്നു. മറ്റാരുമല്ല, അദ്ദേഹത്തിന്റെ മക്കളായ ഗോകുലും ഭവാനിയും. മകനും മകളും ലൊക്കേഷനില്‍ എത്തിയ വിവരം ആരാധകരുമായി പങ്കുവച്ച സുരേഷ് ഗോപി ഇങ്ങനെ കുറിച്ചു.

'മകന്‍ ഗോകുലും ഇളയമകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നിരുന്നു. എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്ന് കൈകെട്ടി നിന്നു കൊണ്ട് ഗോകുല്‍ ഇങ്ങനെ പറഞ്ഞു. ഈ ലൈറ്റുകള്‍ക്കും കലാകാരന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നില്‍ക്കുന്ന അച്ഛനെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്നിരുന്നാലും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും'- സുരേഷ് ഗോപി കുറിച്ചു.

രാഷ്ട്രീയത്തില്‍ സജീവമായ സുരേഷ് ഗോപി സിനിമയില്‍ നിന്ന് ഒരിടവേളയെടുക്കുകയായിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. അതേ വര്‍ഷം പുറത്തിറങ്ങിയ ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന തമിഴ്ചിത്രത്തിലും സുരേഷ് ഗോപി വേഷമിട്ടിരുന്നു. ചിത്രത്തിലെ ഡോക്ടര്‍ വാസുദേവന്‍ എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 

നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2 വാണ് സുരേഷ് ഗോപി നായകനാകുന്ന മറ്റൊരു പുതിയ ചിത്രം. ജോഷി ഒരുക്കിയ ലേലത്തിന്റെ രണ്ടാം ഭാഗമാണിത്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. ചിത്രത്തില്‍ ഗോകുലും വേഷമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: suresh gopi come back thamizharasan movie gokul bhavani visit sets vijay antony