തൃശൂരില്‍  എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. 

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ബിജു മേനോന്‍ ചിത്രങ്ങള്‍ കാണുന്നത് തങ്ങള്‍ വേണ്ടെന്ന് വയ്ക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. മലയാളികളുടെ മതേതരമനസ്സുകളില്‍ ബിജു മേനോന്  ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

എന്നാല്‍ ബിജു മേനോന് പിന്തുണയായെത്തുന്നവരും കുറവല്ല. ഒരു സഹപ്രവര്‍ത്തകന് വേണ്ടി വോട്ടഭ്യര്‍ഥിച്ചതില്‍ തെറ്റെന്താണെന്ന് ഇവര്‍ ചോദിക്കുന്നു. 

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന്‍  പൊതുവേദിയില്‍ എത്തിയത്. തൃശൂരില്‍  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം  ബിജു മേനോനും പങ്കെടുത്തത് 

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം തുടങ്ങിയത്.

Content Highlights : Cyber Attack on  Biju Menon's Facebook Page, Supporting NDA Candidate Suresh Gopi