പൊതിച്ചോറ് വിതരണത്തിന് നേതൃത്വം നൽകുന്ന കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിനുള്ള ആദരസൂചകമായി പൊന്നാട സുരേഷ് ഗോപി എം.പി. പോലീസിനെ ഏല്പിക്കുന്നു
കൊരട്ടി: മാറിനിന്നിരുന്ന പോലീസുകാരെ നോക്കി സുരേഷ് ഗോപി എം.പി.-‘എസ്.ഐ. ഒന്നിങ്ങ് വരൂ’. അഭ്യർഥന കേട്ടതോടെ നാട്ടുകാർക്കും കൗതുകം. നാട്ടുകാർ ഓർത്തെടുത്തത് സല്യൂട്ട് വിവാദമായിരുന്നെങ്കിൽ സുരേഷ് ഗോപിയുടെ അടുത്ത ചോദ്യം ‘നിങ്ങടെ സി.ഐ. എന്ത്യേ’ എന്നായിരുന്നു. സി.ഐ. സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ആളിൽനിന്ന് പൊന്നാട വാങ്ങി ‘ഇത് സി.ഐ.ക്ക് കൊടുക്കണം. പാഥേയത്തിനു ചുക്കാൻ പിടിക്കുന്ന ആളല്ലേ, നേരിട്ട് അഭിനന്ദിക്കാനായിരുന്നു ആഗ്രഹം’ എന്നുകൂടി പറഞ്ഞ് മടക്കിപ്പിടിച്ച പൊന്നാട എസ്.ഐ.യെ ഏല്പിക്കുകയായിരുന്നു.
ജനമൈത്രി പോലീസും പാഥേയം പ്രവർത്തകരും കഴിഞ്ഞ ഒരു വർഷത്തിലധികമായി തുടരുന്ന പൊതിച്ചോറ് വിതരണത്തെക്കുറിച്ച് അറിഞ്ഞതോടെ ഭക്ഷണം കൊണ്ടുവയ്ക്കാനായി എത്തിയതായിരുന്നു സുരേഷ് ഗോപി.
ലോക്ഡൗൺകാലത്ത് മുടക്കമില്ലാതെ പൊതിച്ചോറ് വിതരണം നടത്തുന്ന പാഥേയത്തിൽ ഭക്ഷ്യവസ്തുക്കൾ നൽകിയതിനു ശേഷമാണ് ഇതിനു നേതൃത്വം നൽകുന്ന കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിനെ തിരക്കിയതും ആദരം അറിയിക്കാൻ ഏർപ്പാടാക്കിയതും.
തൃശ്ശൂരിൽ നിന്നുള്ള മടക്കയാത്രയിലാണ് സുരേഷ് ഗോപി ജങ്ഷനിലുള്ള പാഥേയത്തിലുമെത്തിയത്. എം.പി.യെ കെ.സി. ഷൈജു, സുന്ദരൻ പനങ്കൂട്ടത്തിൽ, ബിജു എന്നിവർ സ്വീകരിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എം. സുനിൽകുമാർ, വി.സി. സിജു, ഗ്രാമപ്പഞ്ചായത്തംഗം പി.ജി. സത്യപാലൻ എന്നിവരും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
പാഥേയത്തിലിനി ചൂടുള്ള ഭക്ഷണം
പാഥേയത്തിൽ ദിനംപ്രതി കൊണ്ടുവയ്ക്കുന്ന ഭക്ഷണത്തിന്റെ ചൂട് നിലനിർത്തുന്ന സാങ്കേതികസംവിധാനം ഒരുക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
യാത്രയ്ക്കിടെ പാഥേയത്തിലെത്തി ഭക്ഷ്യവസ്തുക്കൾ ഷെൽഫിൽ വച്ചശേഷമാണ് ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് ചൂടുള്ള ഭക്ഷണം തന്നെ നൽകണമെന്ന് അഭ്യർഥിച്ചതും പിന്നീട് അതിനുള്ള സംവിധാനം ഒരുക്കാൻ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിനെ ചുമതലപ്പെടുത്തിയതും.
രാവിലെ ഭക്ഷ്യവസ്തുക്കൾ ഏൽപ്പിച്ചശേഷം അതിന് ചെലവായ തുക പാർട്ടിപ്രവർത്തകരെ ഏല്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
Content Highlights: Suresh Gopi appreciate CPolice for Patheyam, annadanam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..