-
സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ സലീം കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. സത്യമേവ ജയതേ എന്ന ചിത്രത്തിലെ കള്ളൻ വേഷത്തിൽ നിന്ന് ഇന്നു കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപിയെന്ന വലിയ മനുഷ്യൻ നിർബന്ധബുദ്ധിയായിരുന്നുവെന്ന് സലീം കുമാർ കുറിച്ചു.
സലീം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. സലിം കുമാർ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതിൽ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്, "തെങ്കാശിപ്പട്ടണം "എന്ന സിനിമയിലൂടെയാണ് ഞാൻ തിരക്കുള്ള നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാർട്ടിനും, നിർമാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത് അതിനു തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത "സത്യമേവ ജയതേ "എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്, ഈ സത്യമേവ ജയതേയിൽ സംവിധായകൻ വിജി തമ്പി എന്നെ അഭിനയിക്കാൻ വിളിക്കുന്നത്, സുരേഷ് ചേട്ടന്റെ നിർബന്ധം മൂലമായിരുന്നു. അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടൻ, എന്റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ.
സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു. ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു "കമ്പാർട്ട്മെന്റ്". ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നു കമ്പാർട്ട്മെന്റിന്റേത്. അതിന്റെ നിർമ്മാതാവും ഞാൻ തന്നെയായിരുന്നു അതിൽ ഒരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടനെ ക്ഷണിച്ചു ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ' ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി, പിന്നെ ഇന്ന് ഈ കുട്ടികളുമായി ഒരുദിവസം ചിലവഴിച്ചപ്പോൾ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലമായി. അക്ഷരാർത്ഥത്തിൽ എന്റെ കണ്ണുനിറഞ്ഞുപോയി....
60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്, ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷേട്ടന് ഒരുപാട് 'ഒരുപാട് ജന്മദിനങ്ങൾ സകുടുംബം ആഘോഷിക്കാൻ സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ സലിംകുമാർ.
Content Highlights: Suresh Gopi actor MP birthday Salim Kunmar wishes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..