സുരഭിലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ജൂലായ് 21ന് തിയേറ്ററുകളിലെത്തും.  ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സുരഭി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിലനില്‍പ്പിനായുള്ള ഒരു സ്ത്രീയുടെ ഒറ്റപ്പെട്ട പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.

സിനിമയില്‍ കാര്യമായ വേഷങ്ങളൊന്നും ലഭിക്കാതിരുന്ന സുരഭിക്ക് കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച വേഷമായിരുന്നു ഇത്. എന്നാല്‍, സംസ്ഥാന ചലച്ചിത്ര അവാഡ് പ്രഖ്യാപിച്ചപ്പോള്‍ പ്രത്യേക പരാമര്‍ശം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു സുരഭിക്ക്. ഒടുവില്‍ ആലിയ ഭട്ട്, സോനം കപൂര്‍, ഐശ്വര്യ റായി എന്നിവരെ മറികടന്നാണ് ഇന്ത്യയിലെ മികച്ച നടിയായത്. അവസാന റൗണ്ടില്‍ സുരഭിയും ഐശ്വര്യയും തമ്മിലായിരുന്നു മത്സരം. എന്നാല്‍, ചിത്രം തിയേറ്ററിലോ ടി.വിയിലോ വരാത്തതിനാല്‍ സുരഭിയുടെ അഭിനയം കാണാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിരുന്നില്ല.