
സുരഭി ലക്ഷ്മി| ഫോട്ടോ: ജി.ആർ.രാഹുൽ
വീട്ടിലേക്കുള്ള വഴി തെറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ അഭയം തേടിയ ഭാര്യയേയും കുഞ്ഞിനേയും കൂടെ കൂട്ടാനുള്ള യാത്രക്കിടെയാണ് പട്ടാമ്പി വിളയൂർ സ്വദേശി മുസ്തഫ കുഴഞ്ഞുവീണത്. കോഴിക്കോട് തൊണ്ടയാട് ഫ്ലൈ ഓവറിന് സമീപത്ത് വെച്ചായിരുന്നു വാഹനം ഓടിച്ചിരുന്ന മുസ്തഫയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഭിന്നശേഷിക്കാരനായ മൂത്ത കുഞ്ഞും രണ്ട് സുഹൃത്തുക്കളുമാണ് ഈ സമയം മുസ്തഫയ്ക്ക് ഒപ്പമുണ്ടായിരുന്നത്. പക്ഷെ സുഹൃത്തുക്കൾക്ക് വാഹനം ഓടിക്കാൻ അറിയില്ലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാർ റോഡിലിറങ്ങി വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. സുഹൃത്തുക്കളെ കണ്ട് തിരികെ വരുകയായിരുന്ന നടി സുരഭി ലക്ഷ്മി വാഹനം നിർത്തുകയും ഇവരെ സ്വന്തം വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പിന്നീട് സുരഭി തന്നെയാണ് മുസ്തഫയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇവിടെ ഉണ്ടായിരുന്ന അമ്മയുടെ കയ്യിൽ കുട്ടിയെ ഏൽപ്പിക്കുകയും ചെയ്തു. പക്ഷെ ചികിത്സയിലായിരുന്ന മുസ്തഫ ബുധനാഴ്ച രാവിലെ മരിച്ചു.
മുസ്തഫ രക്ഷപ്പെടുമെന്നാണ് കരുതിയിരുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോൾ അദ്ദേഹം നന്നായി വിയർക്കുകയും ക്ഷീണിക്കുകയും ചെയ്തിരുന്നു.. പക്ഷെ ജീവൻ തിരിച്ചു കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിരുന്നതെന്ന് സുരഭി ലക്ഷ്മി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അസുഖം ഉള്ള ഒരാളെയോ അപകടത്തിൽ പെടുന്നവരേയോ ഒക്കെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുക എന്നത് ഏത് ഒരു മനുഷ്യന്റേയും കടമയാണെന്നും സുരഭി പറഞ്ഞു.
രണ്ടാമത്തെ കുഞ്ഞിനൊപ്പം ആശുപത്രിയിലേക്ക് വന്ന മുസ്തഫയുടെ ഭാര്യയ്ക്ക് വഴി തെറ്റുകയായിരുന്നു. പിന്നീട് ഇവർ കുഞ്ഞുമായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ അഭയം തേടി. ഭാര്യയെ വൈകുന്നേരമായിട്ടും കാണാതായതോടെ ഇവർക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു മുസ്തഫ. പോലീസ് സ്റ്റേഷനിൽ പരാതി നൽകി വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഭാര്യയും കുഞ്ഞും പോലീസ് സ്റ്റേഷനിലുണ്ടെന്ന് വിളിച്ചറിയിച്ചത്. ഇവരെ വീട്ടിലേക്ക് കൊണ്ടുപോകാനായുള്ള യാത്രയ്ക്കിടെ മുസ്തഫയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നീട് ആശുപത്രിയിൽ വെച്ച് ഇദ്ദേഹം മരിക്കുകയും ചെയ്തത്. മുസ്തഫയുടെ മൃതദേഹം ബുധനാഴ്ച വൈകീട്ട് പട്ടാമ്പി വിളയൂർ കണ്ടേങ്കാവ് ഊറ്റുകുഴി ജുമാ മസ്ജിദിൽ സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..