പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ ഒരുങ്ങിയ ലൂസിഫര്‍ പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ഓർമകൾ പങ്കുവച്ച് സുപ്രിയ പൃഥ്വിരാജ്. പൃഥ്വിക്കും നായകനായ മോഹന്‍ലാലിനുമൊപ്പം ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്.

"ഈ ചിത്രം പകര്‍ത്തിയിട്ട് ഒരു വര്‍ഷം. കവിത തീയേറ്ററില്‍ ലൂസിഫര്‍ കണ്ടിറങ്ങിയ ഉടനെ പകര്‍ത്തിയ ചിത്രമാണിത്. ഞാന്‍ വല്ലാത്തൊരു ഉന്മാദത്തിലായിരുന്നു, പൃഥ്വി സംഭ്രമത്തിലും ലാലേട്ടന്‍ സ്ഥായിയായ ശാന്തതയിലും.. ഞങ്ങള്‍ അപ്പോള്‍ തിരിച്ചറിഞ്ഞില്ലായിരുന്നു ചരിത്രം പിറക്കുന്നതിനാണ് ഞങ്ങൾ സാക്ഷിയായതെന്ന്..

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ആ സമയത്തെ സംവിധായകന്റെയും അദ്ദേഹത്തിന്റെ നായകന്റെയും ഭാവം പകര്‍ത്തുക എന്നതായിരുന്നു വിഷയം. ലൂസിഫര്‍ ... ഒരു വര്‍ഷം... കൃതജ്ഞത.. എമ്പുരാന്‍ വരുന്നു.. സുപ്രിയ കുറിച്ചു.

Supriya

നേരത്തെ പൃഥ്വിയും ലൂസിഫറിന്റെ ഒരു വര്‍ഷത്തോട് അനുബന്ധിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. മോഹന്‍ലാലിനും സുചിത്രയ്ക്കും സുപ്രിയയ്ക്കും ടൊവിനോ തോമസിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം ആദ്യദിനം സിനിമ കാണുന്നതിന്റെ ചിത്രം പങ്കുവച്ചാണ് താന്‍ മരണം വരെ മറക്കാത്ത ആ ദിനത്തെ കുറിച്ച് പൃഥ്വി പറയുന്നത് 

'കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു ലൂസിഫറിന്റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയത്. മൂന്ന് മാസത്തെ രാപകലില്ലാതെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ഷെഡ്യൂളുകളുടെ പൂര്‍ണത. എന്റെ ഛായാഗ്രാഹകന്റെ, എഡിറ്ററുടെ സൗണ്ട് എഡിറ്ററുടെ വിഎഫ്എക്സ് ടീമിന്റെയുമെല്ലാം ശക്തമായ പിന്തുണയില്ലാതെ എനിക്കത് കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനുമായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം ലോകം ആകെ മാറിയിരിക്കുന്നു.

30 കിലോ ഭാരം കുറച്ചാണ് ഞാനിപ്പോഴുള്ളത്. കഠിനമായ സമയമാണിത്. നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഓര്‍മ്മകള്‍ എന്നും പ്രധാനമെന്ന് ഞാന്‍  മനസ്സിലാക്കുന്നു. റിലീസിന് തലേദിവസം എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ തന്നെ സുപ്രിയയും ഞാനും എറണാകുളത്തെ കവിത സിംഗിള്‍ സ്‌ക്രീനില്‍ എന്റെ കന്നി സംവിധാന സംരംഭത്തിന്റെ ആദ്യ ഷോ കാണാന്‍ പോയി.

ആ ജനക്കൂട്ടത്തിനിടയില്‍ വച്ച് ലാലേട്ടന്‍ ഞങ്ങള്‍ക്കൊപ്പം സിനിമ കാണാനെത്തി. ജീവിതത്തിലെ ഏറ്റവും മികച്ച സര്‍പ്രൈസുകളിലൊന്നായിരുന്നു അത്. സിനിമയിലെ പ്രധാനപ്പെട്ട വലിയ യാത്രകളിലൊന്നായിരുന്നു അത്. മരണം വരെ 28/03/19 ഈ ദിനം എനിക്ക് പ്രത്യേകമായിരിക്കും'- പൃഥ്വിരാജ് കുറിച്ചു.

Content Highlights : Supriya Prithviraj About One Year Of Lucifer Mohanlal Prithviraj