മലയാളികള്‍ രാജുവെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന പൃഥ്വിരാജിനിന്ന് സന്തോഷപ്പിറന്നാള്‍. പൃഥ്വിക്കായി ഭാര്യ സുപ്രിയ ഒരുക്കിയ സ്വീറ്റ് സര്‍പ്രൈസ് കേക്കിന്റെ ചിത്രം തിങ്കളാഴ്ച്ച രാത്രി തന്നെ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കേക്കിലെ ടോപ്പിംഗില്‍ ആ അച്ഛനും അമ്മയും കുഞ്ഞും എങ്ങനെ വന്നുവെന്നുള്ള അടിക്കുറിപ്പോടെയാണ് പൃഥ്വി പോസ്റ്റിട്ടത്.

'സുപ്രിയയുടെ കേക്ക് ഏറെ രുചികരം..മാത്രമല്ല.. കേക്കിലെ ടോപ്പിംഗ് ലൂസിഫറിന്റെ ഷൂട്ടിംഗിനിടയിലെ ഒരു സംഭവത്തിന്റെ പുനരാവിഷികാരമാണ്. വിവേക് ഒബ്‌റോയയും ശശികുമാര്‍ ചേട്ടനും തമ്മിലോ നിര്‍ണായകമായ ഒരു സീനെടുക്കുകയായിരുന്നു. അതിനിടയില്‍ എന്റെ മകള്‍ വന്നെന്റെ കാലില്‍ പിടിച്ചു വലിച്ചു വീട്ടിലേക്ക് കൊണ്ടു പോകാനൊരുങ്ങി. കാല്‍ വിടുന്നേയുണ്ടായിരുന്നില്ല, മുറുകെപ്പിടിച്ചിരിക്കയായിരുന്നു. ഇക്കുറി ഞങ്ങള്‍ മൂവരും ലൂസിഫറിന്റെ സെറ്റിലാണ് പിറന്നാളുകളാഘോഷിച്ചത്.'  

പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ച് സുപ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ ആശംസകള്‍ നേര്‍ന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാള്‍ക്കു പിറന്നാള്‍ ആശംസകള്‍. ഈ വര്‍ഷം ഏറെ നാഴികക്കല്ലുകള്‍ നിറഞ്ഞതായിരുന്നു. നമ്മുടെ നിര്‍മ്മാണത്തിലെ ആദ്യ സംരംഭമായ നയനും പൃഥ്വിയുടെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം ലൂസിഫറും സംഭവിച്ചത് ഈ വര്‍ഷത്തില്‍.. ഇതിലും വലിയ സന്തോഷങ്ങള്‍ ഇനി വരാനില്ല... എല്ലാ വിധ വിജയാശംസകളും.. ഒപ്പം നിങ്ങളാഗ്രഹിക്കുന്ന പോലെ കുടുംബത്തോടൊപ്പമിരിക്കാനും സമയമുണ്ടാകട്ടെ...

വര്‍ഷങ്ങളായി സംവിധാന മോഹം മനസില്‍ കൊണ്ടു നടക്കുന്ന താരത്തിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ വിശേഷങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നടനെന്ന നിലയില്‍ സ്വന്തമായൊരിടം മലയാളത്തിലുണ്ടാക്കിയെടുത്ത താരത്തിന്റെ 'പുതിയ മുഖം'കാണാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കയാണ് ആരാധകര്‍.