അച്ഛന്റെ ഓർമകൾ പങ്കുവച്ച് നിർമാതാവും നടൻ പൃഥ്വിരാജിൻ‌റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഇക്കഴിഞ്ഞ നവംബ​ർ 14നാണ് സുപ്രിയയുടെ അച്ഛൻ വിജയകുമാർ മേനോൻ അന്തരിച്ചത്. കാൻസർ ബാധിതനായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

സുപ്രിയയുടെ കുറിപ്പ്

കഴിഞ്ഞ ഞായറാഴ്ച (നവംബർ 14) എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു. എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) 13 മാസത്തിലേറെയായി കാൻസറിനോട് പോരാടി ജീവിതത്തോട് വിട പറഞ്ഞു. അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ കരുത്തും  പ്രാണവായുവും അദ്ദേഹമായിരുന്നു. 

ഒറ്റമകളായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സംരക്ഷണ മനോഭാവം എന്റെ സ്വപ്നങ്ങളുടെ വഴിയിൽ വരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല.  സ്കൂളിലും കോളേജിലും ജോലി സംബന്ധമായും ഞാൻ എടുത്ത തീരുമാനങ്ങൾ അദ്ദേഹം എതിർത്തില്ല, ഞാൻ എവിടെ ജീവിക്കണം എന്നും ആരെ വിവാഹം കഴിക്കണം എന്നും തീരുമാനിച്ചപ്പോഴും എതിർത്തില്ല. എന്നും പിന്തുണച്ചു. തൻറെ തീരുമാനങ്ങളെ എന്നിൽ അടിച്ചേൽപ്പിക്കാൻ നോക്കാതെ, ഞാൻ ഇടറുകയോ വീഴുകയോ ചെയ്യുമ്പോൾ താങ്ങാനായി എന്നുമെന്റെ നിഴൽ പോലെ പോന്നു. അദ്ദേഹം എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു.  ഇന്ന് എൻറെ സ്വഭാവത്തിൽ ഉണ്ടെന്നു പറയുന്ന എല്ലാ നന്മയും തുറന്നു സംസാരിക്കുന്ന രീതി, സത്യസന്ധത, ആത്മാർഥത, ശക്തി അതെല്ലാം അദ്ദേഹത്തിൽ നിന്നും പകർന്നു കിട്ടിയതാണ്.

എന്നെ ഞാനായി തന്നെ വളരാൻ പഠിപ്പിച്ചു. എന്റെ മകൾ ആലിയോടും അദ്ദേഹം അത് തന്നെ ചെയ്തു. അവൾ ജനിച്ച ദിവസം മുതൽ ഡാഡി അവൾക്കൊപ്പം ഉണ്ടായിരുന്നു. എന്റെ അമ്മയോടൊപ്പം അവളുടെ സ്ഥിരം സഹയാത്രികനായിരുന്നു. അദ്ദേഹം അവളെ നടക്കാൻ പഠിപ്പിച്ചു, കളിക്കാൻ കൊണ്ടുപോയി, സ്കൂളിലും പാട്ടുക്ലാസിലും കൂട്ടികൊണ്ടുപോയി, തിരിച്ചുകൊണ്ടുവന്നു, അങ്ങനെ അവളുടെയും ഡാഡിയായി. അദ്ദേഹ​ത്തിന്റെ ലോകം അദ്ദേഹത്തിന്റെ ആലിക്ക് ചുറ്റുമായിരുന്നു. 

അച്ഛന് കാൻസർ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള  കഴിഞ്ഞ 13 മാസങ്ങൾ എന്റെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു. ഒരു വശത്ത്, മിക്ക ആളുകളുടെയും മുന്നിൽ എല്ലാം ശരിയാണെന്ന് നടിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുമ്പോൾ, ഉള്ളിൽ അവസാനഘട്ട കാൻസർ കൊണ്ടുണ്ടാകാൻ പോകുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള വേവലാതികൾ ആയിരുന്നു. ക്യാൻസർ മുഴുവൻ കുടുംബത്തെയും ബാധിക്കുന്നു, അത് സത്യമാണ്. 

അച്ഛനോട് ‘ഗുഡ്-ബൈ’ പറഞ്ഞിട്ട് ഒരാഴ്ചയായി.  ഇന്നെന്റെ കൈയിൽ ഒരു ചിതാഭസ്‌മ കലശമായിരിക്കുന്ന എൻറെ അച്ഛനെക്കുറിച്ച് ഇത്രയെ പറയുന്നുള്ളൂ – എന്നെ ഡാഡി വിട്ടുപോയെന്നറിയാം പക്ഷേ, ഡാഡിയെ എന്റെ ഹൃദയത്തിൽ വഹിക്കുന്നു എന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു, കാരണം പലതരത്തിലും ഞാൻ ഡാഡി തന്നെയാണല്ലോ,.. സുപ്രിയ തന്റെ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ഒരു വർഷം അച്ഛന്റെ കൈയും പിടിച്ചു ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു താനെന്നും ഈ യാത്രയിലെ ദുർഘടങ്ങൾ താങ്ങാൻ സഹായിച്ചവർക്ക് നന്ദി പറയുന്നതായും സുപ്രിയ കുറിക്കുന്നു. 

Content Highlights : supriya Menon about her father Late Vijayakumar Menon, Prithviraj Supriya Alamkritha