സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. കേസിലെ വസ്തുതകൾ വിനയന് അനുകൂലം ആണെന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. 

ഫെഫ്കയ്ക്ക് പുറമെ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയൻ എന്നീ സംഘടനകൾ ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. അമ്മ, ഫെഫ്ക എന്നിവ ട്രേഡ് യൂണിയൻ സംഘടനകൾ ആണെന്നും അതിനാൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഈ തർക്കത്തിൽ ഇടപെടാൻ കഴിയില്ല എന്ന് ഫെഫ്ക സംഘടനകൾക്ക് വേണ്ടി ഹാജർ ആയ കെ പരമേശ്വർ, സൈബി ജോസ്, ആബിദ് അലി ബീരാൻ എന്നിവർ വാദിച്ചു. ട്രേഡ് യൂണിയൻ ആക്ടും, കോമ്പറ്റീഷൻ ആക്ടും തമ്മിൽ ചില വൈരുധ്യങ്ങൾ ഉണ്ടെങ്കിലും, തങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് കോടതി വ്യക്തമാക്കി.

വിനയന്റെ വിലക്ക് നീക്കി കൊണ്ട്  കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ,  2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിൽ സിനിമ താരങ്ങളുടെ സംഘടന ആയ AMMA ക്ക് നാല് ലക്ഷത്തി അറുപത്തി അഞ്ച് രൂപ പിഴ വിധിച്ചിരുന്നു. ഫെഫ്കയ്ക്ക് 85594 രൂപയും ഡയറക്ടേഴ്സ് യൂണിയന് 386354 രൂപയും പ്രൊഡക്ഷൻ എക്സിക്യുറ്റീവ് യൂണിയന് 56661 രൂപയും പിഴ ചുമത്തിയിരുന്നു. ഇടവേള ബാബു, ഇന്നസെന്റ്, സിബി മലയിൽ, ബി. ഉണ്ണികൃഷ്‌ണൻ, കെ മോഹനൻ എന്നിവർക്കും പിഴ വിധിച്ചിരുന്നു.   ഈ പിഴ 2020 മാർച്ചിൽ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ പിഴ തുക പൂർണ്ണമായും സംഘടനകൾ വിനയന് നൽകേണ്ടി വരും. വിനയന് വേണ്ടി അഭിഭാഷകൻ ഹർഷദ് ഹമീദ് ആണ് സുപ്രീം കോടതിയിൽ ഹാജർ ആയത്.

Content Highlights : Supreme court pettition of Fefka directors union on lifting ban on vinayan