നീണ്ട കാത്തിരിപ്പിന് ശേഷം ഹൃത്വിക് റോഷന്‍ പ്രധാനവേഷത്തില്‍ എത്തിയ സൂപ്പര്‍ 30 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അനന്തകുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ തന്റെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അനന്തകുമാര്‍.

തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും ജീവിച്ചിരിക്കുന്ന സമയത്തു തന്നെ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പറയുകയാണ് അനന്ദകുമാര്‍.

'സിനിമ വളരെപ്പെട്ടന്ന് തന്നെ പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മരണം എന്നുവരുമെന്ന് നമുക്ക് പ്രവചിക്കാനാകില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ എന്റെ ബയോപിക് എടുക്കണമെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു. 

2014 ല്‍ ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ പോയതും ടെസ്റ്റുകള്‍ ചെയ്തതും. ചെവിക്കും തലച്ചോറിനുമിടയിലുള്ള ഒരു നാഡിയിലാണ് ട്യൂമര്‍ ബാധ. ഇപ്പോഴും ചികിത്സയിലാണ്. എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. 

ഹൃത്വികിനല്ലാതെ മറ്റാര്‍ക്കും തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും അനന്തകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഗണിതശാസ്ത്രജ്ഞനായ അനന്തകുമാര്‍ പട്നയില്‍ ധനികരായ കുട്ടികളുടെ കോച്ചിങ് ക്ലാസ് അധ്യാപകനായിരുന്നു. ഒരു ദിവസം അദ്ദേഹം തീരുമാനിക്കുന്നു പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയും ഇത്തരത്തില്‍ ഒരു സ്ഥാപനം വേണമെന്ന്. സൂപ്പര്‍-30 എന്ന് പേരിട്ടുകൊണ്ട് പാവപ്പെട്ട 30 കുട്ടികളെ തിരഞ്ഞെടുത്ത് അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ ഐ.ഐ.ടി.കളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട എന്‍ട്രന്‍സ് പരീക്ഷ പാസാവാന്‍ അനന്തകുമാര്‍ അവരെ പ്രാപ്തരാക്കുന്നു. ഇവിടെ തുടങ്ങുകയാണ് അനന്തകുമാര്‍ എന്ന വ്യത്യസ്ത ജീവിതം. പിന്നീട് ചില വിവാദങ്ങളിലേക്ക് അദ്ദേഹവും ചെന്നുപെട്ടു. വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

യഥാര്‍ഥ ജീവിതവും സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തിരക്കഥയില്‍ 12 തിരുത്തലുകളാണ് സംവിധായകന്‍ വരുത്തിയതെന്ന് അനന്തകുമാര്‍ പറയുന്നു. അനന്തകുമാര്‍ ക്ലാസ് എടുക്കുന്ന 150 മണിക്കൂര്‍ വീഡിയോ ആണ് ചിത്രത്തിന് വേണ്ടി ആദ്യം ചിത്രീകരിച്ചത്. ഈ വീഡിയോ ആണ് ഋത്വിക് റോഷനെ എളുപ്പത്തില്‍ അനന്തകുമാറാകാന്‍ സഹായിച്ചതും.

മൃണാല്‍ താക്കൂറാണ് ചിത്രത്തില്‍ നായിക. വിരേന്ദ്ര സക്സേന, പങ്കജ് ത്രിപാഠി, ജോണി ലിവര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Content Highlights: Super 30 Movie, Hrithik Roshan, Anand Kumar reveals he has brain tumour