നീണ്ട കാത്തിരിപ്പിന് ശേഷം ഹൃത്വിക് റോഷന്‍ പ്രധാനവേഷത്തില്‍ എത്തിയ സൂപ്പര്‍ 30 തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. അനന്തകുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ തന്റെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അനന്തകുമാറും സജീവമായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹം പിടിഐയ്ക്ക് നല്‍കിയ അഭിമുഖം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുമുണ്ട്. ഞാന്‍ ആരുടെ കയ്യില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാറില്ല. നമ്മുടെ പ്രധാനമന്ത്രിയും വ്യവസായികളായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര എന്നിവര്‍ സംഭാവന നല്‍കാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ സ്വീകരിച്ചില്ല. എനിക്ക് ആരുടെയും പണം വേണ്ട- അനന്തകുമാര്‍ പറഞ്ഞു.

അനന്തകുമാറിന്റെ അഭിമുഖം വലിയ ചര്‍ച്ചയായതോടെ ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. അനന്തകുമാര്‍ പറഞ്ഞത് സത്യമാണെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. 

ഞങ്ങള്‍ കണ്ടിരുന്നു. അദ്ദേഹം വളരെ വിനയത്തോടെ എന്റെ സഹായം നിരസിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ ആരാധകനായിരിക്കും. ഒരുപാട് ജിവീതങ്ങളെയാണ് അദ്ദേഹം മാറ്റിമറിച്ചത്- ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. 

ബ്രെയിന്‍ ട്യൂമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ് അനന്തകുമാര്‍. സിനിമ വളരെപ്പെട്ടന്ന് തന്നെ പൂര്‍ത്തിയാകണമെന്നും താന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ പുറത്തിറങ്ങണമെന്നും ആഗ്രഹിച്ചിരുന്നതായി അദ്ദേഹം നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഗണിതശാസ്ത്രജ്ഞനായ അനന്തകുമാര്‍ പട്‌നയില്‍ ധനികരായ കുട്ടികളുടെ കോച്ചിങ് ക്ലാസ് അധ്യാപകനായിരുന്നു. ഒരു ദിവസം അദ്ദേഹം തീരുമാനിക്കുന്നു പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയും ഇത്തരത്തില്‍ ഒരു സ്ഥാപനം വേണമെന്ന്. സൂപ്പര്‍-30 എന്ന് പേരിട്ടുകൊണ്ട് പാവപ്പെട്ട 30 കുട്ടികളെ തിരഞ്ഞെടുത്ത് അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ ഐ.ഐ.ടി.കളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട എന്‍ട്രന്‍സ് പരീക്ഷ പാസാവാന്‍ അനന്തകുമാര്‍ അവരെ പ്രാപ്തരാക്കുന്നു. ഇവിടെ തുടങ്ങുകയാണ് അനന്തകുമാര്‍ എന്ന വ്യത്യസ്ത ജീവിതം. 

Content Highlights: Super 30, Hrithik Roshan, Anand Kumar, Anand Mahindra reveals Anand Kumar refused his financial support