കൊച്ചി: നടന്‍ സണ്ണി വെയ്ന്‍ നാടക നിര്‍മാണ രംഗത്തേക്ക്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ വിദ്യാര്‍ഥി ലിജു കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഭമൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകത്തിലൂടെയാണ് സണ്ണി വെയ്ന്‍ നാടക മേഖലയിലേക്കും ചുവടുവെക്കുന്നത്. 

ദേശീയ-അന്തര്‍ദേശീയ നാടകോത്സവ വേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഭമൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ സിദ്ധിഖ് നാടകത്തിന്റെ പോസ്റ്ററും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്റെ ലോഗോയും അനാച്ഛാദനം ചെയ്തു. 

നാടകത്തെ പരിപോഷിപ്പിക്കാന്‍ തന്നാലാകും വിധമുള്ള സംഭാവന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണ കമ്പനി ആരംഭിച്ചിരിക്കുന്നതെന്ന് സണ്ണി വെയ്ന്‍ പറഞ്ഞു. നാടകവും സിനിമയും തമ്മിലുള്ള അകലം കുറയ്ക്കാനുള്ള ശ്രമം കൂടിയാണിത്. ഇതൊരു തുടക്കം മാത്രമാണ്. രണ്ടു മേഖലയിലുമുള്ളവരെ ഏകോപിപ്പിയ്ക്കുന്നത് കലയ്ക്ക് കൂടുതല്‍ ഗുണകരമാകുമെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.