കൊച്ചി: സണ്ണി ലിയോണ്‍ പിന്‍മാറിയതിനാലാണ് ഉദ്ഘാടന ചടങ്ങ് നടത്താന്‍ സാധിക്കാതെ വന്നതെന്ന് പരാതിക്കാരനായ ഷിയാസ് പെരുമ്പാവൂര്‍. 2019-ലെ വാലന്റൈന്‍സ് ദിനത്തില്‍ അങ്കമാലിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി പണം വാങ്ങി വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി സണ്ണി ലിയോണിനെതിരേ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സണ്ണി ലിയോണ്‍ പിന്‍മാറിയത്. താനും ഇവന്റ് മാനേജ്‌മെന്റ് ഉടമയും ആത്മഹത്യയുടെ വക്കിലാണാണെന്ന് ഷിയാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൂന്ന് പരിപാടികള്‍ക്കായി 45 ലക്ഷം രൂപയോളം സണ്ണി ലിയോണ്‍ വാങ്ങിയെന്നും ഇവര്‍ പറയുന്നു. 

പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം സണ്ണി ലിയോണ്‍ നിഷേധിച്ചിരുന്നു. പണം മാനേജര്‍ കൈപ്പറ്റി എന്നത് സത്യമാണ്. ഉദ്ഘാടനച്ചടങ്ങിനായി എട്ടുതവണ സംഘാടകര്‍ക്ക് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍, ആ ദിവസങ്ങളില്‍ ചടങ്ങുകള്‍ നടത്താന്‍ അവര്‍ക്കായില്ല. പിന്നീട് പല അസൗകര്യങ്ങളുമുണ്ടായെന്നുമായിരുന്നു നടിയുടെ മൊഴി.  

പണം തന്റെ കൈയിലുള്ളതിനാല്‍ ഉചിതമായ മറ്റൊരുദിവസം പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി. തനിക്ക് നല്‍കാമെന്നുപറഞ്ഞ തുക പൂര്‍ണമായും നല്‍കിയില്ലെന്നും സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. 

2019-ലാണ് കേസ് രജിസ്റ്റര്‍ചെയ്യുന്നത്. ചടങ്ങില്‍ പങ്കെടുക്കാനായി സണ്ണി ലിയോണ്‍ 29 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. എന്നാല്‍, കരാര്‍പ്രകാരം 12.5 ലക്ഷം രൂപകൂടി നല്‍കാനുണ്ടായിരുന്നു. ഇത് നല്‍കാത്തതിനാല്‍ത്തന്നെ സണ്ണി ലിയോണ്‍ ഈ പരിപാടിക്ക് പങ്കെടുത്തില്ല. ഇതോടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ 29 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയശേഷം നടി വഞ്ചിച്ചെന്നുകാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് പരാതി നല്‍കുകയായിരുന്നു. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി സണ്ണി ലിയോണിന്റെ മാനേജര്‍ പണം കൈപ്പറ്റിയെന്നാണ് ഷിയാസിന്റെ പരാതിയില്‍ പറയുന്നത്. 

Content Highlights: Sunny Leone financial fraud case, Program coordinator says we are on the verge of committing suicide, Crime Branch case