മുംബൈ : സ്വന്തംരാജ്യത്ത് സ്വന്തമായൊരു വീട് എന്ന ആഗ്രഹം നിറവേറ്റി സിനിമാതാരം സണ്ണി ലിയോൺ. മുംബൈയിലെ ക്രിസ്റ്റൽ ഗ്രൂപ്പ് ബിൽഡേഴ്സിന്റെ അറ്റ്‌ലാന്റിസ് എന്ന പ്രൊജക്ടിന് കീഴിലുള്ള വീടാണ് സണ്ണി ലിയോൺ സ്വന്തമാക്കിയത്.

അമിതാഭ് ബച്ചൻ, സിനിമാ നിർമാതാവും സംവിധായകനുമായ ആനന്ദ് എൽ. റായ് തുടങ്ങിയവരെല്ലാം ഈ പ്രൊജക്ടിലുൾപ്പെടുന്ന ഭവനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

നഗരഹൃദയത്തിൽ തന്നെയാണ് വീട് എന്നാണ് സൂചന. ഇതിന്റെ ഏതാനും ചിത്രങ്ങൾ സണ്ണി ലിയോൺ തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗൃഹപ്രവേശം എന്ന മട്ടിലുള്ള ചിത്രങ്ങൾ തന്നെയാണ് സണ്ണി ലിയോൺ പോസ്റ്റുചെയ്തത്.

‘ഇന്ത്യയിൽ ഞങ്ങളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം ഇവിടെ തുടങ്ങുകയാണ്. എനിക്ക് ഈ വീടും ഞങ്ങളുടെ ഇവിടത്തെ പുതിയ ജീവിതവും ഇഷ്ടപ്പെട്ടു. ഞങ്ങളുടെ മിടുക്കരായ മൂന്നുകുട്ടികൾ കൂടിയാകുമ്പോൾ വീട് ശരിക്കും മനോഹരമായി മാറുകയാണ്.’ - ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു. സണ്ണി ലിയോണിനെ കൈകളിൽ കോരിയെടുത്തുകൊണ്ട് വീടിന്റെ പ്രധാനവാതിൽ കടക്കുന്ന ഭർത്താവ് ഡാനിയെൽ ആണ് ഒരു ചിത്രത്തിൽ. രണ്ടാമത്തെ ചിത്രത്തിൽ മുഴുവൻ കുടുംബവും വീട്ടിലേക്ക് കടന്നുവരുന്നതാണ്. മൂന്നാമത്തെ ചിത്രമാണ് ആരാധകർ ഏറ്റവുമധികം സ്വീകരിച്ചിരിക്കുന്നത്. കുടുംബം മുഴുവനും വെറും തറയിലിരുന്നുകൊണ്ട് പിസ പങ്കിട്ട് കഴിക്കുന്നതാണ് ഈ ചിത്രം. ഒരു സാധാരണ കുടുംബാന്തരീക്ഷത്തിന്റെ അതേ അനുഭവമാണ് ഈ ചിത്രം നൽകുന്നതെന്ന് ആരാധകർ കുറിക്കുന്നു.

സണ്ണി ലിയോൺ തന്റെ ഭർത്താവ് ഡാനിയെൽ വെബറിനും മൂന്ന് കുട്ടികൾക്കുമൊപ്പം ലോസ് ആഞ്ചൽസിലായിരുന്നു താമസം. ഇടയ്ക്ക് ഇന്ത്യയിൽ സന്ദർശനം നടത്താറുള്ള സണ്ണി മുംബൈ അടക്കമുള്ള നഗരങ്ങളിൽ താത്കാലികമായ കേന്ദ്രങ്ങളിലാണ് താമസിക്കാറുണ്ടായിരുന്നത്.

Content Highlights: sunny leone buys new home at mumbai with daniel webber