''ഹലോ സണ്ണി ലിയാണാണോ, അല്ലെങ്കില്‍ ഫോണ്‍ അവര്‍ക്ക് ഒന്നു കൊടുക്കാമോ? ഞാന്‍ അവരുടെ ആരാധകനാണ്. എനിക്കൊന്ന് സംസാരിക്കണം''- ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ കേട്ട് തളര്‍ന്ന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു യുവാവ്. ഒരു ദിവസം വന്നത് 500 ലധികം കോളുകള്‍, എല്ലാം സണ്ണിയെ തിരക്കി. ഒടുവില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വടക്കന്‍ ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍. 

സംഭവം ഇങ്ങനെ, സണ്ണി ലിയോണ്‍ വേഷമിട്ട അര്‍ജുന്‍ പാട്യാല എന്ന സിനിമയാണ് ഇതിനെല്ലാം കാരണം. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം അവരുടെ ഫോണ്‍ നമ്പര്‍ പറയുന്ന രംഗമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത പുനീതിന്റെ നമ്പറായിപ്പോയി അത്. സിനിമ കണ്ടിറങ്ങിയ ചിലര്‍ ഇത് സണ്ണിയുടെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിയോട് വിളി. മാത്രമല്ല താരത്തിന്റെ ഫോണ്‍ നമ്പര്‍ ഇതാ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലും ഇത് വ്യാപകമായി പ്രചരിച്ചു. അതോടെ പുനീതിന്റെ മനസ്സമാധാനം നഷ്ടപ്പെട്ടു.

സംസാരിച്ച് ഗതി കെട്ട പുനീത് ഒടുവില്‍ മയൂര എന്‍ക്ലേവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംരംഭകനായ പുനീതിന് ഒരു ചെറിയ സ്ഥാപനമുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പറാണിത്. മാത്രമല്ല ബാങ്കിങ് ആവശ്യങ്ങള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ നമ്പര്‍ തന്നെ. അതുകൊണ്ട് ഒഴിവാക്കാനും നിവൃത്തിയില്ല. 

ഇതിനെ ഒരു ക്രിമിനല്‍ കേസായി കരുതാനാകില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സിവില്‍ കേസായി പരിഗണിക്കും. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും- പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നമ്പറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സണ്ണിയ്ക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. 'തിരക്കഥയിലുള്ളതുപോലെ സണ്ണി അഭിനയിച്ചു.  ഇതെക്കുറിച്ച് പറയേണ്ടത് സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ്'- മാനേജര്‍ പറഞ്ഞു.

Content Highlights: Sunny Leone, Phone number, Dialogue in Punjabi film leaves Delhi man in trouble, Arjun Patiala Movie, Police case