ണ്ണി ലിയോൺ ആദ്യമായി നായികയായി അഭിനയിച്ച ഫീച്ചര്‍ ചിത്രം പൈറേറ്റ്‌സ് ബ്ലഡ് റിലീസിനെത്തുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം. 2006-2007 ൽ ചിത്രീകരിച്ച് സിനിമ വിതരണമടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് മുടങ്ങിക്കിടക്കുകയായിരുന്നു. പോൺ താരമെന്ന നിലയിൽ പ്രശസ്തി നേടിയ സണ്ണി ലിയോൺ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് ഇന്ത്യൻ സിനിമയിൽ സജീവമായത്. 

സണ്ണിയുടെ കരിയറില്‍ അധികമൊന്നും അറിയപ്പെടാതെ പോയ ഈ അധ്യായം പൊടിതട്ടിയെടുത്തത് അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍  രാമചന്ദ്ര ബാബുവായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ തന്റെ പംക്തിയായ സെല്ലുലോയ്ഡ് സ്വപ്‌നാടകനിലാണ് സണ്ണിയും നിഷാന്തും ജോഡികളായ ചിത്രത്തിന്റെ കഥ രാമചന്ദ്ര ബാബു ഓര്‍ത്തെടുത്തത്. ഈ ഹൊറര്‍ ത്രില്ലര്‍ ഇംഗ്ലീഷ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് രാമചന്ദ്ര ബാബുവായിരുന്നു.

ഗുലാബ് പ്രേംകുമാറും നാസര്‍ അല്‍ റുഖായിഷിയും ചേര്‍ന്ന് നിര്‍മിച്ച് മാര്‍ക്ക് റാറ്റലിങ് എന്ന അമേരിക്കക്കാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ, വെളിച്ചം കാണാനുള്ള യോഗം ഉണ്ടായില്ല. വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ പെട്ടിയില്‍ പൊടിപിടിച്ചു കിടക്കാനായിരുന്നു ചിത്രത്തിന്റെ വിധി. ആകെ പുറംലോകം കണ്ടത് ഒരു ട്രെയിലറും കുറച്ച് ലൊക്കേഷന്‍ ചിത്രങ്ങളും മാത്രം.

sunny leone

ഒമാനിലും കേരളത്തില്‍ ചാലക്കുടിയിലും നവോദയ സ്റ്റുഡിയോയിലുമായി ചിത്രീകരിച്ച സിനിമ ഒരു നിധിവേട്ടയുടെ കഥയാണ് പറഞ്ഞത്. മൂന്ന് ജോഡികള്‍ നിധിവേട്ടയ്ക്കിറങ്ങുന്നതാണ് ഇതിവൃത്തം. ഇതില്‍ ഒരു ജോഡിയായിരുന്നു നിഷാന്തും സണ്ണിയും. മൈമൂന്ന എന്ന അല്‍ ബലുചി, ഇസ്സബെല്‍ ഗ്രാനഡ എന്നീ രണ്ട് നായികമാര്‍ കൂടിയുണ്ട് ചിത്രത്തില്‍. സണ്ണിയുടെ ആദ്യ ഫീച്ചര്‍ ചിത്രമായിരുന്നു ഇതെന്ന് ഓര്‍ക്കുന്നു രാമചന്ദ്ര ബാബു. പോരാത്തതിന് ഗ്ലാമര്‍ ലോകത്തേയ്ക്ക് കാലെടുത്തുവയ്ക്കാത്തതിനാല്‍ ഇന്നത്തെയത്ര പ്രശസ്തയുമായിരുന്നില്ല- രാമചന്ദ്ര ബാബു എഴുതി.

അന്നത്തെ നായികയെയും ചിത്രീകരണദിനങ്ങളും നല്ല ഓര്‍മയുണ്ട് നായകനായ നിഷാന്ത് സാഗറിന്. സണ്ണിക്കൊപ്പം ഇരുപതിയഞ്ച് ദിവസത്തോളം നീണ്ട ചിത്രീകരണമുണ്ടായിരുന്നെന്ന് നിഷാന്ത് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ  ഒരഭിമുഖത്തിൽ നിഷാന്ത് പറഞ്ഞിരുന്നു. 

നിരവധി കോമ്പിനേഷന്‍ സീനുകളും ഉണ്ടായിരുന്നു. ചിത്രീകരണത്തിന് എത്തുമ്പോള്‍ അത്ര കേട്ടു പരിചയമുണ്ടായിരുന്നില്ല സണ്ണിയുമായി. എന്നാല്‍, വളരെ നല്ല പ്രകൃതമാണ് അവരുടേത്. സെറ്റില്‍ ഞാന്‍ വന്ന് രണ്ട് ദിവസം കഴിഞ്ഞാണ് സണ്ണി എത്തിയത്. പെട്ടന്ന് തന്നെ എല്ലാവരുമായി അടുപ്പമാവുന്ന പ്രകൃതമായിരുന്നു. നല്ല മിടുക്കിയാണ്. ഞാനുമായി നല്ല സൗഹൃദമായിരുന്നു. പെരുമാറ്റവും നല്ലതായിരുന്നു. എന്നാല്‍, പോകുമ്പോള്‍ കാണാനോ യാത്ര പറയാനോ കഴിഞ്ഞിരുന്നില്ല. പിന്നീട് കാണാനോ ബന്ധപ്പെടാനോ കഴിഞ്ഞതുമില്ല. ഗ്ലാമര്‍ താരമായി മാറിക്കഴിഞ്ഞ സണ്ണിയെ കുറിച്ച് പിന്നീട് വായിച്ചറിവു മാത്രമേയുള്ളു- നിഷാന്ത് പറഞ്ഞു.

NIshant Sagar

നിഷാന്തും രാമചന്ദ്രബാബുവും മാത്രമായിരുന്നില്ല ചിത്രത്തിലെ മലയാളി സാന്നിധം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് കെ.രാജഗോപാലും ആക്ഷന്‍ മാഫിയ ശശിയും വസ്ത്രാലങ്കാരം പട്ടണം റഷീദുമായിരുന്നു.

nishanth sagar

Content HIghlights: Sunny Leone first movie Nishanth sagar, Ramachandra babu, pirates blood, pattanam rasheed