സുനിൽ ഷെട്ടി, യോഗി ആദിത്യനാഥ്
മുംബൈ: സമൂഹമാധ്യമങ്ങളിലൂടെയുള്ള സിനിമാ ബഹിഷ്കരണ ക്യാമ്പയിനുകൾ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ബോളിവുഡ് നടന് സുനില്‍ ഷെട്ടി. രണ്ട് ദിവസത്തെ മുംബൈ സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥ് ബോളിവുഡ് താരങ്ങളുമായി നടത്തിയ കൂടികാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സിനിമാ- ടെലിവിഷന്‍ രംഗത്തെ നാല്‍പ്പതോളം വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
നോയിഡ ഫിലിം സിറ്റിയിലെ ഷൂട്ടിംഗും നിക്ഷേപ സാധ്യതകളെക്കുറിച്ചും സംസാരിക്കാനായിരുന്നു യോഗി സിനിമാപ്രവര്‍ത്തകരുമായി കൂടികാഴ്ച നടത്തിയത്. ഈ അവസരത്തിലാണ് കുറച്ചുകാലങ്ങളായി ബോളിവുഡിനെ ലക്ഷ്യമാക്കിയുള്ള ബഹിഷ്കരണ പ്രചാരണങ്ങളിലേക്ക് യോഗിയുടെ ശ്രദ്ധ സുനില്‍ഷെട്ടി ക്ഷണിച്ചത്.
'ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഹാഷ്ടാഗിനെ കുറിച്ച് ഞാന്‍ ഈ സമയത്ത് പറയുകയാണ് #BoycottBollywood. താങ്കള്‍ (യോഗി ആദിത്യനാഥ്) ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഇത് നിര്‍ത്താന്‍ സാധിക്കും. സിനിമയ്ക്കെതിരേയുള്ള വിദ്വേഷ പ്രചരണങ്ങള്‍ ഞങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വ്യക്തിയുടെ മാത്രം കഠിനാധ്വാനമല്ല സിനിമ. ഒരുപാട് പേരുടെ ഉപജീവനമാര്‍ഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണ അതിനായി താങ്കള്‍ ആവശ്യപ്പെടണമെന്ന് അപേക്ഷിക്കുന്നു. അതിലൂടെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി നന്നായി ചെയ്യാന്‍ കഴിയും. സിനിമയിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും നല്ലവരാണ്. എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ അധാര്‍മ്മിക പ്രവര്‍ത്തികള്‍ ചെയ്യുന്നവരോ അല്ല. ഒരു കുട്ടയിലെ ഒരു ആപ്പിള്‍ ചീഞ്ഞതാണെന്ന് കരുതി മറ്റെല്ലാ ആപ്പിളുകളും മോശമാണെന്ന് പറയാന്‍ സാധിക്കില്ല- സുനില്‍ ഷെട്ടി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സിനിമ ചിത്രീകരിക്കാന്‍ വലിയ സാധ്യതകളുണ്ടെന്ന് യോഗി പറഞ്ഞു. യുപിയില്‍ വരാനിരിക്കുന്ന ഫിലിം സിറ്റിയില്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് മാത്രമല്ല നൂതന സാങ്കേതിക വിദ്യകള്‍ ഉണ്ടായിരിക്കുമെന്നും യോഗി പറഞ്ഞു.
Content Highlights: Sunil Shetty to Yogi Adityanath, Stop Boycott Bollywood campaign, uttar pradesh film city
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..