ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻറെ മകൻ ആര്യൻ ഖാനെ അറസ്റ്റ്​ ചെയ്​ത സംഭവത്തിൽ പ്രതികരണവുമായി നടൻ സുനിൽ ഷെട്ടി. ആര്യനൊരു കുട്ടിയാണെന്നും കേസ് നടപടികൾ പുരോഗമിക്കുകയാണ്‌ അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരമെങ്കിലും കൊടുക്കണമെന്നും സുനിൽ മാധ്യമങ്ങളോട് പറഞ്ഞു.  ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ അതിന് പിന്നാലെ കൂടുമെന്നും യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും സുനിൽ ഷെട്ടി പറയുന്നു.

"റെയ്ഡ് ഉണ്ടാകുന്ന സമയത്ത് ഒരുപാട്​ പേരെ അറസ്റ്റ്​ ചെയ്യും. ആ കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചു എന്നുള്ളതെല്ലാം നമ്മുടെ അനുമാനങ്ങൾ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണ്. അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരമെങ്കിലും കൊടുക്കണം. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ അതിന് പിന്നാലെ കൂടും, ഓരോ നി​ഗമനങ്ങളിലെത്തും. ആ കുട്ടിക്ക് ഒരു അവസരം കൊടുക്കൂ. യഥാർഥ റിപ്പോർട്ടുകൾ പുറത്ത് വരട്ടെ. അതൊരു കുട്ടിയാണ്, അവനെ ചേർത്ത് പിടിക്കേണ്ടത് നമ്മുടെ കടമയാണ്". സുനിൽ ഷെട്ടി പറയുന്നു. 

ശനിയാഴ്ച രാത്രിയാണ് കോർഡേലിയ എന്ന ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ എൻ.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. 

അതേസമയം ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളെയും ഒരു ദിവസത്തേക്ക് എൻസിബി കസ്റ്റഡിയിൽ വിട്ടു. ആര്യൻ, ആര്യന്റെ അടുത്ത സൂഹൃത്ത് അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുണ്‍ മുണ്‍ ധമേച്ച എന്നീ മൂന്ന് പ്രതികളെയും ഒക്ടോബർ അഞ്ച് വരെയാണ് എൻസിബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്. കേസിൽ തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.

ഞായറാഴ്ച രാവിലെ അറസ്റ്റിലായ പ്രതികളെ വൈകീട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്. പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്കെതിരേ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മയക്കുമരുന്ന് വിതരണക്കാരുമായി നിരന്തരം ബന്ധപ്പെട്ട നിരവധി വാട്‌സാപ്പ് സന്ദേശങ്ങൾ പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതായും എൻസിബി അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

അതേസമയം അതിഥിയായി മാത്രമാണ് ആര്യനെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും ടിക്കറ്റോ ബോർഡിങ് പാസോ പോലും കൈവശമുണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ആര്യന്റെ ബാഗിൽ നിന്ന് അന്വേഷണ സംഘത്തിന് മയക്കുമരുന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.  

content highlights : Suniel Shetty supports Aryan Khan amid cruise rave controversy says he is a kid