ചെന്നൈ: സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാന്‍ നിര്‍വഹിക്കും. ശ്രീ തെന്‍ട്രല്‍ ഫിലിംസ് നിര്‍മിക്കുന്ന നൂറാമത്തെ ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാബു സിറിലാണ് ചിത്രത്തിന്റെ കലാ സംവിധായകന്‍.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നു. യു.എസ്, യു.കെ. ഡെന്‍മാര്‍ക്ക് തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 

തന്റെ പുതിയ ചിത്രം ഇന്ത്യയില്‍ ഇതുവരെയിറങ്ങിയതില്‍ ഏറ്റവും ചിലവേറിയതാകുമെന്ന് സുന്ദര്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ അഭിനേതാക്കളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സൂര്യ, വിജയ്, മഹേഷ് ബാബു തുടങ്ങിയവരെയാണ് നായക വേഷത്തിന് പരിഗണിക്കുന്നതെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.