ബോളിവുഡ് നടന്‍ ഹൃതിക് റോഷനും അച്ഛന്‍ രാകേഷ് റോഷനുമെതിരെ ഹൃതിക്കിന്റെ  സഹോദരി സുനൈന രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചു സുനൈന തുറന്നു പറച്ചില്‍ ബി ടൗണില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത് നരകതുല്യമായിരുന്നുവെന്നായിരുന്നു സുനൈനയുടെ ആരോപണം. ഇതിന് പുറമേ ഹൃതിക്-കങ്കണ വിഷയത്തില്‍ കങ്കണയെ പിന്തുണച്ചു ട്വീറ്റ് ചെയ്ത സുനൈന നരകത്തിനുള്ളിലെ ജീവിതം തുടരുന്നുവെന്നും ആകെ മടുത്തുവെന്നും കുറിച്ചു. 

ഇപ്പോള്‍ അച്ഛനും സഹോദരനുമെതിരേ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സുനൈന. റുഹേല്‍ അമീന്‍ എന്ന മുസ്ലിം മാധ്യമപ്രവര്‍ത്തകനുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് കുടുംബം തനിക്കെതിരെ തിരിഞ്ഞതെന്ന് സുനൈന ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വീട്ടില്‍വെച്ച് അച്ഛന്‍ രാകേഷ് റോഷന്‍ തന്നെ അടിച്ചെന്നും ഹൃത്വിക് സഹായിച്ചില്ലെന്നും സുനൈന ആരോപിക്കുന്നു. ''കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത് . റുഹൈലിനെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. എന്നാല്‍ ഈ ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ അച്ഛന്‍ എന്നെ തല്ലി. ഞാന്‍ സ്‌നേഹിക്കുന്നയാള്‍ തീവ്രവാദിയാണെന്ന് പറഞ്ഞു. അയാള്‍ തീവ്രവാദിയാണെങ്കില്‍ മാധ്യമമേഖലയില്‍ ജോലി ചെയ്യേണ്ട കാര്യമുണ്ടോ? അയാള്‍ ജയിലിലാകുമായിരുന്നില്ലേ?''- സുനൈന ചോദിക്കുന്നു. 

"മാതാപിതാക്കള്‍ അറിയാതിരിക്കാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ പോലും ഞാന്‍ സേവ് ചെയ്തിരുന്നില്ല. അച്ഛനും അമ്മയും താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ നിന്നും മാറി ഒരു ഹോട്ടലിലാണ് ഞാന്‍ താമസിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ വീണ്ടും അവരുടെ അടുത്തേക്ക് തന്നെ ഞാന്‍ തിരിച്ചു വന്നു  അദ്ദേഹത്തിന്റെ ഓഫീസ് വഴിയാണ് എനിക്കിപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയുന്നത് 

എന്റെ വീട്ടുകാര്‍ എന്റെ ജീവിതം നരകതുല്യമാക്കുന്നു. സഹിക്കാവുന്നതിലും അപ്പുറമാണത്. വിവാഹത്തെക്കുറിച്ച് എനിക്കിപ്പോള്‍ അറിയില്ല, പക്ഷേ എനിക്ക് അയാള്‍ക്കൊപ്പം ജീവിക്കണം,അദ്ദഹം ഒരു മുസ്ലിം ആയതുകൊണ്ട് അവര്‍ക്ക് സ്വീകരിയ്ക്കാനാകുന്നില്ല , അദ്ദേഹം ഒരു തീവ്രവാദി ആണെങ്കില്‍ എങ്ങനെ മീഡിയയ്ക്ക് മുന്നില്‍ വരാന്‍ കഴിയും - സുനൈന ചോദിക്കുന്നു

വീട് വാങ്ങിനല്‍കാമെന്ന വാഗ്ദാനം ഹൃത്വിക് പാലിച്ചില്ലെന്നും സുനൈന കുറ്റപ്പെടുത്തി. ''ഹൃതിക് ഇപ്പോള്‍ അച്ഛന്റെ കണ്ട്രോളിലാണ്. ആര്‍ക്കും എന്റെ പ്രണയബന്ധം സ്വീകാര്യമല്ല. മുംബൈയില്‍ എനിക്ക് വേണ്ട സ്ഥലത്ത് ഫ്‌ലാറ്റ് വാങ്ങി നല്‍കാമെന്ന് ഹൃത്വിക് പറഞ്ഞിരുന്നു. ഇതുവരെ അത് ചെയ്തിട്ടില്ല. ഒടുവില്‍ അന്ധേരിക്കടുത്ത് ലൊഖണ്ട്വാലയില്‍ ഒരു ഫ്‌ലാറ്റ് ഞാന്‍ സ്വയം കണ്ടെത്തി. അപ്പോള്‍ അതിന് വാടക കൂടുതലാണെന്നായിരുന്നു ഹൃത്വികിന്റെ വാദം. 2.5 ലക്ഷം എന്നത് ഹൃത്വികിന് വലിയ തുകയാണോ? എനിക്കറിയില്ല. പറഞ്ഞ വാക്കുകളൊന്നും അവന്‍ ഇതുവരെ പാലിച്ചിട്ടില്ല. എല്ലാവരും ഇന്നെന്നെ പീഡിപ്പിക്കുകയാണ്''- സുനൈന പറഞ്ഞു. 

താനിപ്പോള്‍ സഹായത്തിനായി കങ്കണയെ സമീപിച്ചിരിക്കുകയാണെന്നും കങ്കണ സ്ത്രീശക്തിയെ ആണ് പ്രതിനിധീകരിക്കുന്നതെന്നും കങ്കണയ്ക്കും തനിക്കും വേണ്ടത് നീതിയാണെന്നും സുനൈന പറയുന്നു.

ഇക്കാര്യ ശരിവച്ച് കൊണ്ട് കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്..മുസ്ലിം യുവാവിനെ പ്രണയിച്ചത് കൊണ്ട് സുനൈന ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുകയാണെന്നും അച്ഛനും ഒരു വനിതാ പോലീസും ഇക്കാരണം കൊണ്ട് അവരെ ഉപദ്രവിച്ചെന്നും സഹോദരന്‍ അവരെ അഴിക്കുള്ളില്‍ ആക്കാന്‍ നോക്കുകയാണെന്നും രംഗോലിയുടെ ട്വീറ്റില്‍ പറയുന്നു .

സുനൈനയുടെ ജീവന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് ഭയമുണ്ട്. കങ്കണയെ സുനൈന ഫോണില്‍ വിളിച്ചു സഹായം ആവശ്യപ്പെട്ട് കരയുകയായിരുന്നു. എന്നാല്‍ അവളെ എങ്ങനെ സഹായിക്കണമെന്ന് കങ്കണയ്ക്ക് അറിയില്ല. അതുകൊണ്ട് ഇപ്പോള്‍ അവള്‍ കങ്കണയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് അവളുടെ ജീവനില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട് അതിനാലാണ് ഇതിവിടെ പരസ്യപ്പെടുത്തുന്നത്  രംഗോലിയുടെ ട്വീറ്റില്‍ പറയുന്നു 

Content Highlights : Sunaina Roshan Against Hrithik Roshan And Rakesh Roshan