വെള്ളമുണ്ട: അഭ്രപാളികളില്‍ വിസ്മയങ്ങളുടെ ലോകം തീര്‍ക്കുന്ന വിഷ്വല്‍ ഇഫക്ട്സ് സാങ്കേതികതയിലെ പ്രഥമ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം വയനാടന്‍ ചുരം കയറിയെത്തി. വെള്ളമുണ്ട മൊതക്കര അശ്വതി നിവാസില്‍ സുമേഷ് ഗോപാലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ വിഷ്വല്‍ ഇഫക്ടിനുള്ള പുരസ്‌കാരത്തിന് അര്‍ഹതനേടിയത്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സുമേഷ് പുരസ്‌കാരം ഏറ്റുവാങ്ങി.

ആഷിഖ് ഉസ്മാന്റെ നിര്‍മാണത്തില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് എന്ന സിനിമയിലെ വിഷ്വല്‍ ഇഫക്ടിനാണ് പുരസ്‌കാരം ലഭിച്ചത്. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഡിജി ബ്രിക്‌സ് എന്റര്‍ടെയിന്‍മെന്റ് ഡയറക്ടര്‍മാരായ സുമേഷ് ഗോപാലനും പാലക്കാട് നൂറണിസ്വദേശി അനീഷ് ദയാനന്ദനും പുരസ്‌കാരം പങ്കിട്ടു. ലവ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നവിധം ദൃശ്യ സാങ്കേതികതയെ മികവുറ്റരീതിയില്‍ സന്നിവേശിപ്പിച്ചതിനാണ് പുരസ്‌കാരം. ഷൈന്‍ ടോം ചാക്കോയും രജിഷാ വിജയനും അഭിനയിച്ച ചിത്രം പ്രമേയംകൊണ്ടും ശ്രദ്ധനേടിയിരുന്നു.

ഡിജി ബ്രിക് എന്റര്‍ടൈയിന്‍മെന്റ് ഇതിനകം മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി എണ്‍പതിലധികം സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട്സ് ചെയ്തിട്ടുണ്ട്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍, വി.ആര്‍. എ.ആര്‍. തുടങ്ങിയ സാങ്കേതികവിദ്യയും സിനിമകള്‍ക്കായി ഒരുക്കുന്നു. കനകം കാമിനി കലഹം, എല്ലാം ശരിയാകും. ആറാട്ട് എന്നീ സിനിമകളിലും വിഷ്വല്‍ ഇഫക്ട്സ് ഒരുക്കിയിട്ടുണ്ട്.

സല്യൂട്ട്, ഭീഷ്മ പര്‍വം, തല്ലുമാല തുടങ്ങിയ പുതിയചിത്രങ്ങളും വരാനിരിക്കുന്നു. കേരളത്തിലെ ദ്യശ്യസാങ്കേതിക സംഘടനയായ വെക്സപയില്‍ അംഗമാണ് സുമേഷ്.

സ്വന്തംവഴിവെട്ടി സിനിമയിലേക്ക്

വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറിയില്‍നിന്ന് പത്താംതരം പഠനത്തിന് ശേഷമാണ് സുമേഷ് സിനിമാ സാങ്കേതികവിദ്യകളെ സ്വപ്നംകാണുന്നത്. വെള്ളമുണ്ട എട്ടേന്നാലിലെ ബനാന മര്‍ച്ചന്റായ അച്ഛന്‍ ഗോപാലനും അമ്മ സരസമ്മയും തടസ്സംപറഞ്ഞില്ല. ഇലക്ട്രിക്കല്‍ ഉപരിപഠനത്തിനിടയില്‍ സഹോദരന്‍ സുധീഷിന്റെ ആനിമേഷന്‍ പരിശീലനംകണ്ടാണ് സുമേഷ് വിഷ്വല്‍ ഇഫക്ടിലേക്ക് ശ്രദ്ധിക്കുന്നത്.

സ്വന്തമായി ഓരോപരീക്ഷണം നടത്തി. ഇതിനിടെ പൂനെയിലെ റിലയന്‍സ് മീഡിയ വര്‍ക്‌സില്‍ ജോലികിട്ടിയതോടെ ഇവിടെ നിന്നുമായിരുന്നു പ്രൊഫഷണല്‍ വിഷ്വല്‍ ഇഫക്ടിലും വി.എഫ്.എക്‌സിലും ആദ്യപാഠങ്ങള്‍. ട്രാന്‍സ്ഫോമേഴ്സ്, പൈറേറ്റ്സ് ഓഫ് കരീബിയന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ ഭാഗമാകാന്‍കഴിഞ്ഞു. 2010 മുതലാണ് മലയാള സിനിമയില്‍ സുമേഷ് വിഷ്വല്‍ ഇഫക്ട്‌സ് ചെയ്യുന്നത്. സമീനയാണ് സുമേഷിന്റെ ഭാര്യ. മക്കള്‍ ആര്യദേവ്, അഭിമന്യു. സുമിത, സുധീഷ് എന്നിവരാണ് സഹോദരങ്ങള്‍.

Content Highlights: Sumesh Gopalan who won Kerala State Film Awards for best Visual effect, Love Malaylam Movie