ന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കും കാരണം കമല്‍ഹാസനാണെന്ന് നടി സുഹാസിനി. കമലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പരമക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ തന്റെ ജീവിതത്തില്‍ കമല്‍ ഹാസന്‍ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കമല്‍ഹാസന്റെ ജ്യേഷ്ഠനായ ചാരുഹാസന്റെ മകളാണ് സുഹാസിനി.  

തന്നെ ചിറ്റപ്പന്‍ എന്ന് വിളിക്കാന്‍ കമല്‍ അനുവദിച്ചിരുന്നില്ലെന്ന് പറയുന്ന സുഹാസിനി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒരേപോലെ കാണാന്‍ കഴിയുന്ന മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ പറയാന്‍ സാധിക്കൂ എന്നും വ്യക്തമാക്കുന്നു.

സുഹാസിനിയുടെ വാക്കുകള്‍

എന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങള്‍ക്കും കമല്‍ നിങ്ങളാണ് കാരണം. നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമാ മേഖലയില്‍ ഞാന്‍ ഇല്ല. സ്ത്രീകള്‍ അഭിനയം മാത്രം അല്ലാതെ ടെക്‌നിക്കലായ കാര്യങ്ങളും നോക്കണം എന്ന് പറഞ്ഞ് എന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്ത് എന്നിക്ക് ഫീസ് അടച്ചതും കമല്‍ ആണ്.

ഇതുപോലെ തമിഴ് സ്ത്രീകള്‍, ഇന്ത്യന്‍ സ്ത്രീകള്‍ എന്നും ഉയരങ്ങളില്‍ എത്തണമെന്നാണ് ചെറുപ്പം മുതലേ  അദ്ദേഹത്തിന്റെ ആഗ്രഹം. ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്ന് പേരോടും എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ എങ്ങനെ പരിഹരിക്കണമെന്നാണ് പത്തു പതിമൂന്ന് വയസുള്ളപ്പോഴേ പറഞ്ഞു തന്നിട്ടുള്ള ആളാണ് അദ്ദേഹം. ഇങ്ങനെയുള്ള ആളെ ഒരു കുടുംബത്തിന് മാത്രമല്ല ഈ നാടിനു തന്നെ വേണം. 

ഒരിക്കല്‍ കൂടി പറയുന്നു എന്റെ ജീവിതത്തിലെ എല്ലാം നിങ്ങള്‍ തന്നതാണ്. മണിയെ (മണിരത്‌നം) പോലും നിങ്ങള്‍ തന്നതാണ്. മണിയുടെ ജീവിതവും നിങ്ങള്‍ കൊടുത്തതാണ്. നിങ്ങളെ തേടി മണി വന്നത് കൊണ്ടല്ലേ എന്റെ ജീവിതത്തിലേക്കും മണി വന്നെത്തിയത്. അദ്ദേഹത്തെ ഞാന്‍ കണ്ടു മുട്ടിയതിനാലാണ് എന്റെ മകന്‍ നന്ദനും ഇവിടെ ഇരിക്കുന്നത്. 

നിങ്ങള്‍ ഇല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒന്നുമില്ല. സുഹാസിനി പറയുന്നു.

തുടര്‍ന്ന് കമലില്‍ നിന്ന് അനുഗ്രഹം വാങ്ങി മുത്തം നല്‍കിയ ശേഷമാണ് സുഹാസിനി പ്രസംഗം അവസാനിപ്പിച്ചത്. ഇന്നേ വരെ എന്റെ ജീവിതത്തില്‍ കമലിനോട് ചെയ്യാത്ത രണ്ട് കാര്യങ്ങള്‍ ഞാന്‍ ഇപ്പോള്‍ ചെയ്യാന്‍ പോവുകയാണ് എന്ന ആമുഖത്തോടെയാണ് സുഹാസിനി കമലിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തശേഷം കമലിന് മുത്തം നല്‍കുകയും ചെയ്തത്.

Content Highlights : Suhasini Maniratnam About Kamal Hassan On his Birthday