ആമേനിലെ ക്ലാരയുടെ കാമുകന്‍ സെബാസ്റ്റ്യന്‍, ആടിലെ കഞ്ചാവ് സോമന്‍, അനുരാഗ കരിക്കിന്‍വെള്ളത്തിലെ രഘു പോലീസ് എടുത്തിട്ട് ചാമ്പുന്ന ഗുണ്ട തങ്കന്‍.. എത്രയോ കാലങ്ങളായി എത്രയോ കഥാപാത്രങ്ങളായി സുധി കൊപ എന്ന നടനെ നമുക്കറിയാം. എന്നാല്‍ സിനിമ സ്വപ്‌നം കണ്ടു നടന്ന തന്റെ യാത്ര ഒട്ടും എളുപ്പമുള്ളതായിരുന്നില്ലെന്ന് സുധി പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.

പഠിക്കണം ഒരു ജോലി വേണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ അന്ന് ഒരു സിനിമ റിലീസായി. സിനിമയ്ക്ക് പോയി. തോറ്റാല്‍ വീണ്ടും എഴുതാമല്ലോ എന്നായിരുന്നു പ്ലാന്‍. റിസല്‍ട്ട് വന്നപ്പോള്‍ എല്ലാം വീട്ടില്‍ പിടിച്ചു. തോറ്റതില്‍ ദുഖം തോന്നിയത് റെഗുലര്‍ കോളേജില്‍ പോയി പഠിക്കാന്‍ പറ്റില്ലലോ എന്ന് ഓര്‍ത്താണ്. എന്റെ കൂടെ പഠിച്ചവരെല്ലാം കോളേജില്‍ പോയി. ഞാന്‍ പിന്നെ എഴുതിയെടുത്ത് ഐ.ടി.ഐയിലാണ് പോയത്. ആ ദു:ഖം ഒരു ഒന്നര ദിവസം നീണ്ടു നിന്നു. 

സിനിമാ കമ്പം പണ്ടേ ഉണ്ടായിരുന്നു. അന്ന് യുട്യൂബും ഷോര്‍ട്ട് ഫിലിമും ഒന്നും ഇല്ല. സിനിമയില്‍ എന്തെങ്കിലും ആകണം എന്നല്ല, നടന്‍ ആകണം എന്ന് തന്നെയായിരുന്നു​ ആഗ്രഹം. എറണാകുളത്ത് വൈക്കം തിരുനാള്‍ എന്നൊരു നാടകസ്‌കൂളില്‍ നാലഞ്ചു കൊല്ലം. പിന്നീട് സ്വന്തമായി ക്രിയേറ്റീവ് തിയേറ്ററ്റര്‍ ഗ്രൂപ്പ് ഉണ്ടാക്കി. അതിപ്പോഴും ഉണ്ട്. ആ സമയത്ത് കേരളത്തില്‍ എല്ലാ ഓഡീഷനും പോകുമായിരുന്നു. അങ്ങിനെ കുറെ സുഹൃത്തുക്കളെ കിട്ടി. വിനയ് ഫോര്‍ട്ട്, സിജു വില്‍സണ്‍, ഷറഫ്, കൃഷ്ണശങ്കര്‍, മൊഹ്‌സിന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരുമുണ്ടായിരുന്നു. അങ്ങിനെ ഒരിക്കെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ അവസരം കിട്ടി. 

സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കാന്‍ മടിയില്ലായിരുന്നു. വിഷമിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്തില്ല. അലഞ്ഞു നടന്ന് പതിനേഴാമത്തെ വര്‍ഷമാണ് ചാന്‍സ് കിട്ടിയത്. ഒന്നിനും ഷോര്‍ട്ട് കട്ടുകളില്ല നേരായ വഴിമാത്രമേയുള്ളു-സുധി പറയുന്നു.