പ്രമേയത്തിന്റെ പുതുമ കൊണ്ടും അവതതരണത്തിന്റെ ലാളിത്യം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. ചിത്രത്തില്‍ സുഡുവിനെ അവതരിപ്പിച്ച ആഫ്രിക്കന്‍ താരം സാമുവല്‍ റോബിന്‍സനെ നിറഞ്ഞ ഹൃദയത്തോടെയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാലിപ്പോള്‍ ഗുരുതരമായ ആരോപണങ്ങളുമായി അണിയറ പ്രവര്‍ത്തകരെയും മലയാളി പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ് സാമുവല്‍.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രത്തിന്റെ പ്രചരാണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോയ സാമുവല്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മാതാക്കള്‍ക്കെതിരേ ഗുരതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് തനിക്ക് വംശീയവിവേചനം നേരിട്ടേണ്ടിവന്നുവെന്നും ചിത്രത്തിലെ മറ്റ് താരങ്ങളേക്കാളും വളരെ കുറഞ്ഞ തുകയാണ് തനിക്ക് പ്രതിഫലമായി നല്‍കിയതെന്നും സാമുവല്‍ ഫെയ്സ്ബക്ക് പോസ്റ്റില്‍ ആരോപിച്ചു. കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടനും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും സാമുവല്‍ പറഞ്ഞു.
പടം ഹിറ്റായാല്‍ കൂടുതല്‍ പ്രതിഫലം തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതുണ്ടായില്ല. പടത്തിന്റെ പ്രൊമോഷനുവേണ്ടി കഴിഞ്ഞ അഞ്ചു മാസമായി എന്നെ ഇവിടെ പിടിച്ചുനിര്‍ത്തുകയായിരുന്നു. തന്ത്രമായിരുന്നു ഇത്. കറുത്തവതനായതുകൊണ്ടും ദരിദ്രരായ ആഫ്രിക്കക്കാര്‍ക്ക് പണത്തിന്റെ വിലയിറിയില്ല എന്ന പൊതുധാരണ ഉള്ളതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നും സാമുവല്‍ കുറ്റപ്പെടുത്തി.
സാമുവലിന്റെ പോസ്റ്റ് വായിക്കാം
എല്ലാവര്‍ക്കും ഹായ്..... പ്രധാനപ്പെട്ടൊരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കളില്‍ നിന്നും എനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നു എന്നതാണ് യാഥാര്‍ഥ്യം. ഞാന്‍ ക്ഷമ കാട്ടിയതുകൊണ്ടാണ് ഇക്കാര്യങ്ങളൊന്നും നേരത്തെ പറയാതിരുന്നത്. ഇപ്പോള്‍ എല്ലാം തുറന്നു പറയുകയാണ്. നാളെ കറുത്തവര്‍ഗക്കാരനായ മറ്റൊരു യുവനടനും ഇതു സംഭവിക്കരുത് എന്നു കരുതിയാണ് ഞാന്‍ ഇക്കാര്യം ഇപ്പോള്‍ പറയുന്നത്.
ഞാന്‍ കേരളത്തില്‍ വംശീയവിവേചനത്തിന്റെ ഇരയായിരുന്നു. അത് നേരിട്ടൊരു ആക്രമണമോ അധിക്ഷേപമോ ആയിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്, എന്റെയത്ര പ്രശസ്തിയോ എന്റെ പകുതി കഴിവോ ഇല്ലാത്ത മറ്റ് ഇന്ത്യന്‍ താരങ്ങളേക്കാള്‍ എത്രയോ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് നല്‍കിയത്. എന്റെ കഴിവും പ്രതിഭയും വച്ചു നോക്കുകയാണെങ്കില്‍ പകുതി പ്രതിഫലമാണ് എനിക്ക് നല്‍കിയത്. മറ്റു യുവതാരങ്ങളുമായി പ്രതിഫലകാര്യം ചര്‍ച്ച ചെയ്തപ്പോള്‍ മാത്രമാണ് ഇക്കാര്യം എനിക്ക് മനസ്സിലായത്. ഞാന്‍ കറുത്ത നിറക്കാരനായതുകൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണയുള്ളതു കൊണ്ടുമാണ്
ഇത്തരത്തില്‍ സംഭവിച്ചതെന്ന് ഞാന്‍ കരുതുന്നു. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച സക്കറിയ എന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചിരുന്നു. സക്കറിയ സ്നേഹമുള്ളയാളും കഴിവുള്ള സംവിധായകനുമാണ്. എന്നാല്‍, ചിത്രത്തിന് പണം ചെലവാക്കുന്നത് അദ്ദേഹമല്ലല്ലോ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പരിമിതികളുണ്ടായിരുന്നു.
ചിത്രം ഹിറ്റായാല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാമെന്നാണ് ഷൂട്ടിങ് സമയത്ത് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല, ഞാനിപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ്ങും പ്രമോഷന്‍ പരിപാടികളുമായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള അഞ്ചു മാസം എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ലക്ഷ്യമായിരുന്നു ആ വാഗ്ദാനത്തിന് പിറകിലെന്നാണ് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. പടം വന്‍ വാണിജ്യ വിജയം നേടിക്കൊണ്ടിരിക്കുകയാണ്.
ആരാധകര്‍ നല്‍കിയ സ്നേഹത്തിന് അങ്ങേയറ്റത്തെ നന്ദിയുണ്ട്. ഇവിടുത്തെ ഊഷ്മളമായ സംസ്‌കാരം അനുഭവിക്കാനുള്ള സൗഭാഗ്യവും എനിക്കു ലഭിച്ചു. എന്നാല്‍, എനിക്ക് ഇനിയും മൗനം അവലംബിക്കാന്‍ കഴിയില്ല. അടുത്ത തലമുറയിലെ കറുത്ത വര്‍ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍, ഒരു കറുത്തവര്‍ഗക്കാരന്‍ എന്ന നിലയില്‍ എനിക്ക് പ്രതികരിച്ചേ പറ്റൂ. വംശീയവും ജാതീയവുമായ വിവേചനങ്ങള്‍ക്കുമെതിരേ നമുക്ക് അരുതെന്ന് പറയാം.
സാമുവല്‍ അബിയോള റോബിന്‍സണ്‍
ഇത് പൂര്‍ണമായി പ്രസിദ്ധീകരിക്കാനുള്ള അവകാശം ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നു.