സോനു സൂദ് | ഫോട്ടോ: പി.ടി.ഐ
വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുന്നതുപോലെയാണ് സിനിമയിലെ വിജയത്തിനായുള്ള കാത്തിരിപ്പെന്ന് നടൻ സോനുസൂദ്. വാർത്താ ഏജൻസിയായ പി.ടി.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവഗണനയുടേയും കാത്തിരിപ്പിന്റേയും പരമ്പരകളുണ്ടാവുമെന്ന തിരിച്ചറിവിലൂടെയാണ് ഒരാൾക്ക് സിനിമയിൽ നിലനിൽക്കാനാവൂ എന്നും താരം പറഞ്ഞു.
"മുംബൈ പോലൊരു അപരിചിതമായ പട്ടണത്തിലേക്ക് സിനിമാമോഹവുമായി വരുന്ന ഒരാൾക്ക് നിരവധി തള്ളിക്കളയലുകളെ നേരിടേണ്ടിവരും. കൃത്യമായി പ്രതിഫലം ലഭിക്കില്ല. ആഗ്രഹിച്ചത് ചെയ്യാനാവില്ല. കാത്തിരിപ്പിന് അവസാനമുണ്ടാവില്ല. ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടതായി വരും. ക്ഷമയോടെ, തിളങ്ങാൻ അവസരം വരും വരെ കാത്തിരിക്കുകയാണ് വേണ്ടത്". സോനു സൂദ് പറഞ്ഞു.
" ഞാൻ കാത്തിരുന്നു. ഈ മേഖലയിലെ വിജയമെന്നത് വെള്ളത്തിനടിയിൽ ശ്വാസമടക്കി നിൽക്കുന്നതുപോലെയാണ്. ഈ വർഷങ്ങളത്രയും ഞാൻ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ചിലപ്പോൾ ഇപ്പോഴായിരിക്കാം ശ്വാസം വിട്ട് പുറത്തുവരാൻ സാധിച്ചത് " എന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ വെള്ളിവെളിച്ചത്തിനുകീഴിലെ നീണ്ട കാത്തിരിപ്പിനെ വീര്യം കെടുത്തുന്നത് എന്നാണ് താരം വിശേഷിപ്പിച്ചത്. പതിനെട്ട് വർഷമായി ഒരു നടനെന്ന രീതിയിൽ അനുഭവിക്കാത്തതാണ് കഴിഞ്ഞ രണ്ടുവർഷമായി അനുഭവിക്കുന്നത്. നൂറുകോടിയും ഇരുന്നൂറുകോടിയും നേടുന്നതാണ് വലുതെന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ സെറ്റിലേക്ക് പോകുമ്പോൾ എല്ലാം ചെറുതായാണ് തോന്നുന്നതെന്നും സോനു സൂദ് പറഞ്ഞു.
1999-ൽ കള്ളഴഗർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സോനു സൂദ് അഭിനയരംഗത്തെത്തുന്നത്. മണിരത്നത്തിന്റെ യുവ, ആഷിഖ് ബനായാ അപ്നേ, ജോധാ അക്ബർ, സിങ് ഈസ് കിങ് ദബാങ് തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
അക്ഷയ് കുമാർ നായകനായ ബോളിവുഡ് ചിത്രം പൃഥ്വിരാജ്, ചിരഞ്ജീവി, രാംചരൺ തേജ എന്നിവർ നായകന്മാരാവുന്ന തെലുങ്ക് ചിത്രം ആചാര്യ എന്നിവയാണ് സോനു സൂദിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: Sonu Sood, Sonu Sood about Success in film industry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..