ജയറാം, സുബി സുരേഷ്
നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടൻ ജയറാം. രോഗവിവരവും മരണവാർത്തയും ഇപ്പോഴാണ് അറിയുന്നത്. ഏതു കഥാപാത്രം കൊടുത്താലും നൂറുശതമാനം അത് മനോഹരമാക്കുന്ന കലാകാരിയാണ് സുബി എന്നും ജയറാം പ്രതികരിച്ചു.
സുബിയുടെ ഒപ്പം അഭിനയിച്ച സിനിമകൾ കുറവണെങ്കിലും നിരവധി സ്റ്റേജ് പരിപാടികളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും ഏതു കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞുകൊടുത്താലും അനായാസേന സുബി വേദിയിൽ അവതരിപ്പിക്കുമെന്നും ജയറാം പറഞ്ഞു. സ്റ്റേജിലെ പ്രകടനത്തിൽ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല. ഒരുതലമുറയിലെ മികച്ച കലാകാരന്മാരെയാക്കെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കുടുംബത്തിന്റെ എല്ലാ ദുഃഖത്തിലും മനസ്സുകൊണ്ട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
പുരുഷമേല്‍ക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്‌റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളില്‍ സജീവമായിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
തുടര്‍ന്ന് രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനില്‍ സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്‍ക്ക് ജനപ്രീതി ഏറെയായിരുന്നു. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.
Content Highlights: subi suresh actress passed away actor jayaram on subi suresh demise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..