ജയ് ഭീമിൽ സൂര്യ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
ചെന്നൈ: ‘ജയ് ഭീം’ ചലച്ചിത്രത്തിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിക്കുന്ന കേസിൽ നടൻ സൂര്യ, സംവിധായകൻ ടി.ജെ.ജ്ഞാനവേൽ തുടങ്ങിയവർക്കെതിരേ കടുത്ത നടപടി പാടില്ലെന്ന് പോലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി.
സൂര്യയുടെ ഭാര്യയും ചിത്രത്തിന്റെ നിർമാതാവുമായ ജ്യോതികയും കേസിൽ പ്രതിയാണ്. സെയ്ദാപ്പേട്ട് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെത്തുടർന്നാണ് വേളാച്ചേരി പോലീസ് ഇവർക്കെതിരേ കേസെടുത്തിരുന്നത്.
വണ്ണിയർ സമുദായത്തിൽപ്പെട്ട സന്തോഷാണ് സൂര്യ അടക്കമുള്ളവർക്കെതിരേ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടർന്ന് കേസെടുക്കാൻ കോടതി പോലീസിനോട് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സൂര്യയും സംവിധായകനും ഹൈക്കോടതിയിൽ ഹർജി നൽകി.
തിങ്കളാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് സതീഷ്കുമാർ പോലീസിൽനിന്ന് വിശദീകരണം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ കേസിൽ പ്രതികൾക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് പോലീസിനോട് നിർദേശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..