സിനിമാചിത്രീകരണത്തിനിടെ അലൻ വിക്രാന്തും സുഹൃത്തുക്കളും
സുഹൃത്തുക്കളുടെ തോളിലേറിയാണ് അലന് വിക്രാന്ത് കാട് താണ്ടിയതും കുന്ന് കയറിയതും. കണ്ണവത്തെയും വാഗമണ്ണിലെയും കാടുകള്‍ ഒരുമാസത്തോളം കയറിയിറങ്ങി. അതിരാവിലെ പുറപ്പെട്ട് അന്തിമയങ്ങുന്നതോടെ മടക്കം. അലന്റെ ചക്രക്കസേര സുഹൃത്തുക്കളിലാരെങ്കിലും ചുമക്കും, മറ്റുള്ളവര്‍ അലനെയും. കാട്ടിലെ ചെങ്കുത്തായ കയറ്റവും കാട്ടുചോലയും മലമടക്കും ചങ്ങാതിമാരുടെ കൈക്കരുത്തില്‍ സുരക്ഷിതമായി. ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കിയാണ് അലന് ഒടുവില്‍ കാടിറങ്ങിയത്. 'സിനിമ' എന്ന സ്വപ്നം സഫലമായ ആനന്ദത്തോടെ.
അലന് രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയ്ക്ക് പേരുമിട്ടു -'ഗ്ലൂറ'. പേരാവൂര്‍ തുണ്ടിയില്‍ സ്വദേശി അലന് വിക്രാന്ത് എന്ന ഇരുപത്തഞ്ചുകാരന് വാഹനാപകടത്തിലാണ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്. 2018 സെപ്റ്റംബര്‍ ഒന്‍പതിന് രാത്രി അതിരമ്പുഴ-ഏറ്റുമാനൂര്‍ റൂട്ടിലായിരുന്നു അപകടം. സുഹൃത്ത് നിധിനോടൊപ്പം അവന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. നിധിന് തത്ക്ഷണം മരിച്ചു. നട്ടെല്ലിന് സാരമായി പരിക്കേറ്റ അലന് ദീര്‍ഘനാള്‍ കിടപ്പിലായി. 50 ലക്ഷം രൂപയാണ് ഇതിനകം ചികിത്സയ്ക്കായി ചെലവഴിച്ചത്. ചികിത്സ ഇപ്പോഴും തുടരുന്നു. ചക്രക്കസേരയിലാണ് ഇപ്പോഴത്തെ സഞ്ചാരം.
കണ്ണവം കാട്ടിലാണ് മുഖ്യമായും സിനിമ ചിത്രീകരിച്ചത്, ചെറിയൊരു ഭാഗം വാഗമണ്ണിലും. കൂട്ടുകാരും സാങ്കേതികവിദഗ്ധരുമായ ആല്‍ബി അഗസ്റ്റി, ജോസു, സാന്‍ഡി സീറോ, ജിബിന്‍ ടി.ജോര്‍ജ്, ടി.ജെ.ജിബിന്‍, ബി.ഹരികൃഷ്ണന്, റിച്ചുമോന് ജോസഫ്, ബിബിന്‍ ജോയ് എന്നിവര്‍ എല്ലാത്തിനും ഒപ്പംനിന്നു. സംഘാംഗങ്ങളായ ആല്‍ബി അഗസ്റ്റി, ജോസു, സാന്‍ഡി സീറോ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1500 വര്‍ഷം മുന്‍പുള്ള ഒരു സാങ്കല്പിക സാമ്രാജ്യവും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു മിത്തുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ പേരായ 'ഗ്ലൂറ'യാകട്ടെ ഒരു സാങ്കല്പിക ഗ്രഹമാണ്. ജ്യേഷ്ഠന് ക്ലിന്റ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും ലഭിച്ചു. ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിനുവേണ്ടി വീട്ടിലിരുന്ന് ജോലിചെയ്ത് സ്വരുക്കൂട്ടിയ കാശും സിനിമയ്ക്കായി ചെലവഴിച്ചു. റെയിന്‍ബോ യൂണിവേഴ്സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം ഒരുമണിക്കൂര്‍ 20 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ്. 'യന്തിരന്', '2.0', 'ഗജിനി' എന്നീ സിനിമകളുടെ എഡിറ്ററായ ആന്റണിയുടെ അസോസിയേറ്റ് ഡാനിയേല്‍ പകലോമറ്റമാണ് എഡിറ്റര്‍. തിയേറ്ററിലാണോ ഒ.ടി.ടി.യിലാണോ റിലീസെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അലന് പറഞ്ഞു.
നിധിനെ കേന്ദ്രകഥാപാത്രമാക്കി അലന് നേരത്തേ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിനിമോട്ടോഗ്രാഫി പഠിച്ചിറങ്ങിയ അലന് ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
Content Highlights: story of gloora movie director alan vikranth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..