ശ്രീഹരി രാജേഷ് എന്ന പതിനാറു വയസ്സുകാരന്‍ സംവിധാനത്തിലൂടെ ശ്രദ്ധനേടിയ ചിത്രമാണ് സ്ഥായി. കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയെ കുറിച്ചാണ് ചിത്രം സംവിധാനം ചെയ്തത്. സീറോ-ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ശ്രീഹരി സ്വന്തം ഡി. എസ്. എല്‍. ആര്‍ ക്യാമറയില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 

ജൂണ്‍-4ന് ഓ.ടി. ടി റിലീസ് ചെയ്ത ചിത്രം പിന്നീട് യൂട്യൂബ് റിലീസ് ചെയ്തിരുന്നു. സിനിമയിലെ എട്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ടേക്ക് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്നത്തെ സമൂഹത്തിലെ പ്രശ്‌നങ്ങളും ജീവിതവും രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്ന രംഗം ആണ് ഒറ്റ ടേക്കില്‍ ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ജാതീയത, പണം നിറം എന്നിവ മൂലമുള്ള വിവേചനവും സിനിമയില്‍ പറയുന്നു. സിനിമകളില്‍ വളരെ ചുരുക്കവും എടുക്കാന്‍ പ്രയാസമുള്ളതുമാണ് ഒറ്റ ടേക്കുകള്‍. 25,000 രൂപ ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ജാതിയതെക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനാണ് ചിത്രീകരിച്ചിരിക്കുന്നത്. 

സമൂഹത്തിലെ എല്ലാ മേഖലകളിലും ജാതീയത നിലനില്‍ക്കിന്നുണ്ട് എന്ന് ഈ ചിത്രം പറയുന്നു. ഇതിന് മുന്നേ സാമൂഹ്യപ്രശ്‌നങ്ങള്‍ പറയുന്ന പല ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്ത് ശ്രദ്ധ നേടിയ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ശ്രീഹരി രാജേഷ്. ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ 1998-ല്‍ സ്വന്തം ക്യാമറ കൊണ്ട് നിര്‍മ്മിച്ച 'ഫോള്ളോവിങ് ' എന്ന സിനിമയാണ് ഈ ലോക്കഡൗണ്‍ കാലത്ത് സ്വന്തം ക്യാമറ കൊണ്ട് സിനിമ നിര്‍മ്മിക്കാന്‍ ശ്രീഹരിക്ക് പ്രചോദനമായത്. എരൂര്‍ ഭവന്‍സ് വിദ്യ മന്ദിറിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് ശ്രീഹരി രാജേഷ്. 

Content Highlights: Sthayi Malayalam Feature Movie sreehari Rajesh