നിപ്പ വൈറസ് ബാധയുടെ കഥ പറയുന്ന വൈറസ് സിനിമയുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന വിഷയത്തില്‍ പ്രതികരണവുമായി സംവിധായകൻ ഉദയ് ആനന്ദിന്റെ അഭിഭാഷകൻ അഡ്വ. രാജേഷ് എസ്.സുബ്രഹ്മണ്യം. വൈറസിന്റെ സംവിധായകൻ ആഷിക്ക് അബുവിനെതിരേ പകര്‍പ്പവകാശ ലംഘനത്തിന് കേസ് കൊടുത്തത് ഉദയ് അനന്ദാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ കഥയുടെ പകര്‍പ്പവകാശത്തിനായി അപേക്ഷിച്ചതാണെന്നും ഒക്ടോബറില്‍ ഉദയന്റെ കഥയ്ക്ക് പകര്‍പ്പവകാശം ലഭിച്ചുവെന്നും രാജേഷ് പറയുന്നു. പിന്നീട് ഇതേ കൺസപ്റ്റ് വച്ച് ചിത്രീകരണവുമായി മുന്നോട്ട് പോയ ആഷിഖിന് തങ്ങള്‍ നോട്ടീസ് അയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നും ഇത് സംബന്ധിച്ച് ഫെഫ്ക്കയും ഡയറക്ടേഴ്സ് യൂണിയനും സമീപിച്ചപ്പോഴും അവര്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. തുടര്‍ന്നാണ് സ്റ്റേയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അഡ്വ. രാജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.
"നിപ വൈറസുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങള്‍ സംവിധായകന് ഉദയ് അനന്ദന് ഒരു കഥയാക്കി പകർപ്പവകാശത്തിന് അപേക്ഷനൽകി. കഴിഞ്ഞ ഓഗസ്റ്റ് അവസാനമാണത്. അതിനുശേഷം ഒരുപാട് പ്രക്രിയകള്‍ ഉണ്ട്, അന്വേഷണങ്ങൾ ഉണ്ട്. പബ്ലിക് നോട്ടീസ് ഉണ്ട്. അതെല്ലാം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ഒക്ടോബര്‍ അവസാനം നമ്മുടെ കഥയ്ക്ക് കോപ്പിറൈറ്റ് ലഭിക്കുന്നത്. ഇത് കഴിഞ്ഞ് ഈ ജനുവരിയില്‍ ആഷിക് അബു ഇതേ കൺസപ്റ്റും വച്ച് ഷൂട്ടിങ് തുടങ്ങി.
ആ സമയത്ത് നമ്മള് അവര്‍ക്ക് നോട്ടീസ് അയച്ചു. അവര്‍ പ്രതികരിച്ചില്ല. നമ്മള് ഫെഫ്ക്ക യൂണിയനും ഡയറക്ടേഴ്സ് യൂണിയനും പരാതി കൊടുത്തു. അവര്‍ വിളിച്ചു സംസാരിച്ചപ്പോഴും അവര്‍ പ്രതികരണമൊന്നും പറഞ്ഞില്ല. പിന്നീട് ഞങ്ങള്‍ക്ക് ഒരു മറുപടി നല്‍കാനായില്ല. നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ എന്താണെന്ന് വച്ചാല്‍ ചെയ്തോളാന്‍ പറഞ്ഞ് ഫെഫ്ക്ക കത്ത് തന്നു. അങ്ങനെയാണ് ഞങ്ങള്‍ പകര്പ്പവകാശലംഘനത്തില് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
ഒരു കഥയ്ക്ക് കോപ്പിറൈറ്റ് എടുക്കുന്ന ആദ്യ മലയാള സിനിമയാണിത്. എല്ലാവരും സാധാരണ ചെയ്യാറുള്ളത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പോയി അവര്‍ ചെയ്യാന്‍ പോകുന്ന കഥയും ടൈറ്റിലും റജിസ്റ്റര്‍ ചെയ്യും. അതിന് നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ഒന്നും തന്നെയില്ല. അങ്ങനെ വേണമെങ്കില്‍ കോപ്പിറൈറ്റ് നിയമപ്രകാരം റജിസ്ട്രാര്‍ ഓഫ് കോപ്പിറെറ്റ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യണം. അത് മലയാളത്തില്‍ ഇതുവരെ ആരും ചെയ്തിട്ടില്ല. നമ്മള് അതാണ് ചെയ്തത്. ഇനി ഈ സിനിമയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നമ്മള് തീരുമാനിച്ചിരിക്കുന്നത്"-അഡ്വ: രാജേഷ് പറഞ്ഞു
വൈറസ് എന്ന പേരും കഥയും തന്റേതാണെന്ന് ആരോപിച്ചാണ് സംവിധായകന് ഉദയന്‍ ചിത്രത്തിനെതിരേ കോടതിയെ സമീപിച്ചത്. 2018 ഓഗസ്റ്റ് മാസത്തില്‍ ഈ സിനിമയുടെ കഥ വൈറസ് എന്ന പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അതിന്റെ പേരിലുള്ള പകര്‍പ്പവകാശലംഘനമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. കേസ് പരിഗണിക്കുന്ന ഫെബ്രുവരി പതിനാറിന് ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ രേഖകള്‍ ഹാജരാക്കുമെന്നും ഉദയ് പറയുന്നു.
Content Highlights: Stay Against Aashiq Abu Movie Virus Movie On Nipah Virus Movie Copyright Issue Director Uday Anandan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..