ലണ്ടന്‍: സ്റ്റാര്‍ വാര്‍സിലും ലോര്‍ഡ് ഓഫ് ദി റിങ്‌സിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബ്രിട്ടീഷ് തരം ആന്‍ഡ്ര്യൂ ജാക്ക് (76) കൊറോണ ബാധിച്ച് മരിച്ചു. ലണ്ടനിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ട് ദിവസം മുന്‍പാണ് ജാക്കിന് കൊറോണബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഭാര്യ ഗബ്രിയേല്‍ റോജേഴ്‌സ് ട്വീറ്റ് ചെയ്തു. ജാക്കിന് വേദനയൊന്നുമുണ്ടായിരുന്നില്ല. നിശബ്ദനായാണ് യാത്രയായത്-റോജേഴ്‌സ് കുറിച്ചു. ഒരാഴ്ച മുന്‍പ് ന്യൂസീലന്‍ഡില്‍ നിന്നെത്തിയതിനെ തുടര്‍ന്നാണ് റോജേഴ്‌സിന് ക്വാറന്റൈന്‍ വേണ്ടിവന്നത്.

സ്റ്റാര്‍ വാര്‍സ്: ലാസ്റ്റ് ജേഡി, സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്‌സ് എവേക്കണ്‍സ് എന്നിവയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് അഭിനേതാക്കളെ സംഭാഷണശൈലിയും രീതിയും പഠിപ്പിക്കുന്നതില്‍ വിദഗ്ദന്‍ കൂടിയായ ജാക്. റെസിസ്റ്റന്‍സ് ജനറല്‍ കാലണ്‍ എമാറ്റിന്റെ വേഷമാണ് ഇതില്‍ ജാക് ചെയ്തത്. ലോര്‍ഡ്‌സ് ഓഫ് ദി റിങ്‌സ്, ഷെര്‍ലക്ക് ഹോംസ്, മൂന്ന് അവഞ്ചേഴ്‌സ് ചിത്രങ്ങള്‍ എന്നിവയിലും മുഖം കാണിച്ചിട്ടുണ്ട്. ഡയലകറ്റ് കോച്ചായി ആറ്റന്‍ബറോയുടെ ചാപ്ലിന്‍, പിയേഴ്‌സ് ബ്രോസ്‌നന്റെ ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ടുമാറോ നെവര്‍ ഡൈസ്, ഡൈ അനഥര്‍ ഡെ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ലോര്‍ഡ് ഓഫ് റിങ്‌സിലെ മിഡില്‍ എര്‍ത്ത് ആക്‌സന്റ് സൃഷ്ടിച്ചത് ജാക്കാണ്.

ഡയലക്റ്റ് കോച്ച് എന്ന നിലയില്‍ റോബേട്ട് പാറ്റിന്‍സണ്‍ അഭിനയിക്കുന്ന ബാറ്റ്മാനില്‍ അഭിനേതാക്കളെ സംഭാഷണം പരിശീലിപ്പിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കൊറോണ ബാധിച്ചത്.

തെംസിലെ ഒരു പഴയകാല ഹൗസ്‌ബോട്ടിലായിരുന്നു താമസം.

ontent Highlights: Star Wars actor Andrew Jack dies of coronavirus