സ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുധിരം (ആർ‌ആർ‌ആർ‌) എന്ന സിനിമ വിവാദത്തിൽ. ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കൊമാരാം ഭീം എന്ന കഥാപാത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ പുറത്ത് വരുന്നത്. ടീസറിൽ കൊമാരാം ഭീം പരമ്പരാഗത മുസ്ലീം വേഷത്തിലെത്തിയതിനെതിരെ തെലങ്കാന ബിജെപി സംസ്ഥാന പ്രസിഡന്റും കരിം ന​ഗർ എം.പിയുമായ ബണ്ടി സഞ്ജയ് കുമാർ രം​ഗത്തെത്തി. 

രാജമൗലി ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും കൊമാരാം ഭീം എന്ന കഥാപാത്രം സിനിമയുടെ അവസാന പതിപ്പിലും ഈ വേഷം ധരിച്ച് സ്ക്രീനിലെത്തിയാൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ തീയിടുമെന്നും സഞ്ജയ് കുമാർ പൊതുസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ എസ് എസ് രാജമൗലിയെ അക്രമിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

"സെൻസേഷേനുവേണ്ടി, രാജമൗലി കൊമാരാം ഭീമിന്റെ തലയിൽ ഒരു തൊപ്പി വച്ചാൽ ഞങ്ങൾ മിണ്ടാതിരിക്കുമോ? ഒരിക്കലുമില്ല, കൊമാരാം ഭീമിനെ വളച്ചൊടിച്ച്, ആദിവാസികളുടെ അവകാശങ്ങളെ അട്ടിമറിച്ച്, അവരുടെ വികാരത്തെ ദുർബലപ്പെടുത്തി നിങ്ങൾ ഒരു സിനിമ ചെയ്യാൻ പോകുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ വടികൊണ്ട് നേരിടും. നിങ്ങൾ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ സിനിമ കാണിക്കുന്ന എല്ലാ തീയറ്ററുകളിലും ഞങ്ങൾ തീയിടും", ബണ്ടി സഞ്ജയ് കുമാർ പറഞ്ഞു.

ബാഹുബലിക്ക്  ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 

450 കോ‌‌‌ടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍,രാംചരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമാണ് ഇത്. രാം ചരണിന്റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുക.

ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം കീരവാണി സംഗീതം നിര്‍വഹിക്കും. 

Content Highlights : SS Rajamouli Movie RRR in Controversy Komaram Bheem Character Junior NTR Ram Charan