എസ്.എസ്. രാജമൗലി | ഫോട്ടോ: ലതീഷ് പൂവത്തൂർ | മാതൃഭൂമി
പുരസ്കാരങ്ങൾക്ക് നടുവിലാണ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രം. ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെയുള്ള വമ്പൻ പുരസ്കാരങ്ങൾ നേടിയ ചിത്രത്തിന് പക്ഷേ ബാഫ്റ്റയിൽ വലിയ നേട്ടമുണ്ടാക്കാനായില്ല. പക്ഷേ ഇക്കാര്യം തന്നെ അത്ര അലട്ടുന്ന ഒന്നല്ല എന്നാണ് രാജമൗലിയുടേതായി പുറത്തുവന്ന ഏറ്റവും പുതിയ അഭിമുഖം വ്യക്തമാക്കുന്നത്.
താൻ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണെന്നും ബഹുമതികൾക്ക് വേണ്ടിയല്ലെന്നുമാണ് രാജമൗലി പറഞ്ഞത്. ഒരു വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രേക്ഷകർക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത്. ആർ.ആർ.ആർ ഒരു വാണിജ്യസിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോൾ വളരെയധികം സന്തോഷിക്കും. പുരസ്കാരങ്ങൾ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്കാരങ്ങളെന്നും രാജമൗലി പറഞ്ഞു.
ആർ.ആർ.ആറിന് പകരം ഛെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ നാമനിർദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആർ.ആർ.ആറിന് അങ്ങനെയൊരു നേട്ടം കൈവരിക്കാനാവാത്തതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ എന്തുകൊണ്ട് എന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോർത്ത് പരിതപിച്ചിരിക്കുന്ന ആളുകളല്ല ഞങ്ങൾ. സംഭവിക്കേണ്ടത് സംഭവിച്ചു. എന്നിരുന്നാലും ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഛെല്ലോ ഷോയും ഒരു ഇന്ത്യൻ സിനിമയാണല്ലോ എന്ന കാര്യത്തിൽ സന്തോഷമുണ്ട്. രാജമൗലി വ്യക്തമാക്കി.
കഴിഞ്ഞവർഷമാണ് ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ എന്നിവർ നായകന്മാരായ ആർ.ആർ.ആർ തിയേറ്ററുകളിലെത്തിയത്. ആലിയാ ഭട്ട്, അജയ് ദേവ്ഗൺ, ശ്രീയാ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, മകരന്ദ് ദേശ്പാണ്ഡേ, ഒലിവിയ മോറിസ് എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളിൽ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ സംഗീതസംവിധായകൻ എം.എം. കീരവാണിക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. 1200 കോടിയോളമാണ് ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ.
Content Highlights: ss rajamouli about rrr and awards, chhello show in oscars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..